പീച്ചി പൊലീസിനെതിരെ അന്വേഷണം വേണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തൃശൂർ: മണൽ ഖനനവുമായി ബന്ധപ്പെട്ട് പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപിക്കപ്പെട്ട അഴിമതിക്കുറ്റം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിപ്പിച്ച് തൃശൂര്‍ മേഖല ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. അഴിമതിക്ക് പുറമെ സ്വജനപക്ഷപാതം, ഹൈകോടതി നിര്‍ദേശങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ഇരുമ്പുപാലം സ്വദേശി ടി.ജി. മര്‍ക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്തതിന് തന്നെ പീച്ചി എസ്.ഐയും എ.എസ്.ഐയും ചേര്‍ന്ന് അപമാനിച്ചെന്നും കള്ളക്കേസ് എടുത്തെന്നുമാണ് പരാതി. കുറ്റവാളികളും പീച്ചി പൊലീസും തമ്മില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേശീയപാതയുടെ നവീകരണത്തിന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെയാണ് മാര്‍ക്കോസിനെതിരെ കേസ് എടുത്തതെന്നാണ് പൊലീസ് കമീഷന് നൽകിയ വിശദീകരണം. ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എടുത്ത കേസുകള്‍ പുനരന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കാരനെതിരെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വാഭാവിക സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആക്ഷേപം വിചാരണ വേളയില്‍ കോടതി മുമ്പാകെ അവതരിപ്പിക്കാവുന്നതാണെന്ന് കമീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. കോടതിയില്‍ ചാര്‍ജ് ആയി കഴിഞ്ഞ ക്രൈംകേസില്‍ പുനരന്വേഷണ ആവശ്യം പരിഗണിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.