തൃശൂർ: ഇറ്റ്ഫോക്ക് നടത്തിപ്പിനെക്കുറിച്ചും സംഘാടനത്തെക്കുറിച്ചും സംഗീത നാടക അക്കാദമി കാമ്പസിൽ സംഘടിപ്പിച്ച ഓപൺ ഫോറം ചൂടേറിയ ചർച്ചക്ക് വഴിവെച്ചു. സംഘാടനത്തെയും നാടക തെരഞ്ഞെടുപ്പിനെയും ചിലർ രൂക്ഷമായി വിമർശിച്ചു. നാടക പ്രവർത്തകൻ അബ്ബാസ് കാളത്തോടാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. ഇത്തവണത്തെ ഇറ്റ്ഫോക്കിൽ രാജ്യാന്തര നിലവാരമുള്ള നാടകങ്ങൾ കുറവായിരുന്നുവെന്ന് അബ്ബാസ് പറഞ്ഞു. നാടകോത്സവം കെട്ടുകാഴ്ചയാവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല മലയാള നാടകങ്ങൾക്ക് അവസരം കിട്ടാതെ പോയെന്നും നാടകോത്സവം ജനങ്ങളിൽ നിന്ന് അകലുകയാണെന്നും അഭിപ്രായമുയർന്നു. നാടക തെരഞ്ഞെടുപ്പിെൻറ മറുവശം വിമർശകർ കാണണമെന്നും തനിക്ക് നിക്ഷിപ്ത താൽപര്യമില്ലെന്നും ഇറ്റ്ഫോക്ക് ഡയറക്ടർമാരിൽ ഒരാളായ രാജീവ് കൃഷ്ണ പറഞ്ഞു. ഡയറക്ടർമാർക്ക് സ്വാതന്ത്ര്യം നൽകണം. വീഡിയോ കണ്ട് നാടകങ്ങൾ തെരഞ്ഞെടുക്കുന്ന രീതി മാറണം -അദ്ദേഹം പറഞ്ഞു. നാടകങ്ങൾ സംബന്ധിച്ച് പ്രേക്ഷകരുടെ അഭിപ്രായം ആേപക്ഷികമാണ്. ഒരാൾക്ക് തെൻറ കാഴ്ചപ്പാടോടെ നാടകം ചെയ്യാമെങ്കിൽ അതേ അവകാശവും സ്വാതന്ത്ര്യവും മറ്റുള്ളവർക്കുമുണ്ടെന്നത് വകവെച്ചു കൊടുക്കണം. നാടകങ്ങൾ മോശമായെന്ന് ഒച്ച വെച്ചതുകൊണ്ടായില്ല. ചെയ്ത് കാണിക്കണം. നാടകോത്സവം നന്നാക്കാനുള്ള ബാധ്യത പ്രേക്ഷകനുമുണ്ട്. അതിനായി നിർദേശങ്ങൾ മുന്നോട്ടുവെക്കണം -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ അട്ടപ്പാടിയിലെ നാടക പ്രവർത്തകരായ ആദിവാസികൾക്ക് രംഗപടം തയാറാക്കുന്ന ജോലി നൽകിയിരുന്നുവെന്നും ഇത്തവണ അവർക്ക് അവസരം നൽകണമെന്ന തെൻറ നിർദേശം അംഗീകരിക്കപ്പെട്ടില്ലെന്നും ഇറ്റ്ഫോക്ക് മുൻ ക്യൂറേറ്റർ ശങ്കർ വെങ്കിടേശ്വരൻ പറഞ്ഞു. അക്കാദമി സംഘടിപ്പിക്കുന്ന അമേച്വർ നാടക മത്സരങ്ങളിൽ അവാർഡ് ലഭിക്കുന്നവക്ക് ഇറ്റ്ഫോക്കിൽ അവസരം നൽകാത്തതും വിമർശിക്കപ്പെട്ടു. ഒാരോ നാടകങ്ങളുടെയും സ്വഭാവവും കഥാംശവും പ്രേക്ഷകർക്ക് കിട്ടത്തക്കവിധം പ്രസിദ്ധീകരിക്കണമെന്ന് മാധ്യമ പ്രവർത്തകൻ കെ. ഗിരീഷ് അഭിപ്രായപ്പെട്ടു. ഇറ്റ്ഫോക്ക് മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് നിർണായകമാണെന്ന് ചർച്ചയിൽ ഉയർന്ന അഭിപ്രായത്തെ ഓപൺ ഫോറത്തിന് സമാപനം കുറിച്ച് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ശരിവെച്ചു. സർക്കാർ നിലപാട് മാറ്റാൻ ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ കമ്മിറ്റി കൺവീനർ അഡ്വ. പ്രേം പ്രസാദ് ചർച്ചകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.