ചെറുതുരുത്തി: തുള്ളൽ കലയെ ജനകീയമാക്കിയ കലാമണ്ഡലം ഗീതാനന്ദൻ എന്ന തുള്ളലഴകിെൻറ ജ്വലിക്കുന്ന നക്ഷത്രത്തിന് കലാകേരളം കണ്ണീരോടെ വിട നൽകി. അവിട്ടത്തൂർ മഹാദേവക്ഷേത്ര പള്ളിവേട്ട ചടങ്ങിനിടെ ഇഷ്ട വേഷമായ കല്യാണ സൗഗന്ധികം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. മൃതദേഹം ഞായറാഴ്ച രാത്രി 12ന് ചെറുതുരുത്തി പുതുശ്ശേരിയിലെ വീട്ടിൽ എത്തിച്ചു. ഇതോടെ നാട് പുതുശ്ശേരിയിലേക്ക് ഒഴുകി. തിങ്കളാഴ്ച 11 ഒാടെയാണ് വർഷങ്ങളോളം തെൻറ അരങ്ങായിരുന്ന കലാമണ്ഡലത്തിലേക്ക് ഗീതാനന്ദൻ അവസാന വിടവാങ്ങലിനെത്തിയത്. ഏവരേയും ചിരിപ്പിച്ച് കലാമണ്ഡലത്തെ ഇളക്കി മറിച്ചിരുന്ന ഗീതാനന്ദെൻറ മൃതദേഹം കലാമണ്ഡലത്തിലെത്തിച്ചപ്പോൾ കലയുടെ ആസ്ഥാനം വിങ്ങിപ്പൊട്ടി. -ഒരു മണിയോടെ മൃതദേഹം അന്ത്യോപചാര ചടങ്ങുകൾക്കായി വീട്ടിലെത്തിച്ചു. വൈകീട്ട് അഞ്ചോടെ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ അഗ്നി ഏറ്റുവാങ്ങി. മകൻ സനൽകുമാർ ചിതക്ക് തീകൊളുത്തി. കേരളത്തിെൻറ സമസ്ത മേഖലയിലെയും പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, എം.ബി. രാജേഷ് എം.പി, എം.എൽ.എമാരായ അനിൽ അക്കര, യു.ആർ. പ്രദീപ്, മുഹ്സിൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, ബി.ജെ.പി അഖിലേന്ത്യ കമ്മിറ്റി അംഗം ശോഭ സുരേന്ദ്രൻ, കലാമണ്ഡലം ഗോപി, സംവിധായകൻ ലാൽ ജോസ്, നടിമാരായ സി. രമാദേവി, രചന നാരായണൻകുട്ടി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, വള്ളത്തോൾ വാസന്തി മേനോൻ, ഫാ. റോയി വടക്കൻ, കുഴൽമന്ദം രാമകൃഷ്ണൻ, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർ കലാമണ്ഡലത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. മന്ത്രി എ.കെ. ബാലന് വേണ്ടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, കലക്ടർ ഡോ. എ കൗശിഗനുവേണ്ടി എ.ഡി.എം സജ്ജൻ, സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മക്കുവേണ്ടി നടൻ വേണു മച്ചാട് എന്നിവരും പുഷ്പചക്രം അർപ്പിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, ജില്ല കോൺഗ്രസ് പ്രസിഡൻറ് ടി.എൻ. പ്രതാപൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവരും അന്ത്യോപചാരം അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.