ഗുരുവായൂർ: യു.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂർ സഹകരണ അർബൻ ബാങ്കിലെ നിയമന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പ് ഗുരുവായൂർ നഗരസഭയിലെ ഏഴ് കോൺഗ്രസ് കൗൺസിലർമാർ സഹകരണ മന്ത്രിക്ക് കത്ത് നൽകി. കൗൺസിലർമാരായ എ.ടി. ഹംസ, ബഷീർ പൂക്കോട്, ടി.കെ. വിനോദ്, പി.എസ്. രാജൻ, പി.എസ്. പ്രസാദ്, പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ എന്നിവരാണ് കത്ത് നൽകിയത്. ഓരോ കൗൺസിലർമാരും സ്വന്തം ലെറ്റർപാഡുകളിൽ മന്ത്രിക്ക് പ്രത്യേകം കത്ത് നൽകുകയായിരുന്നു. പ്രത്യേക ദൂതൻ വശമാണ് കത്ത് കൈമാറിയത്. ജോലിക്ക് അപേക്ഷിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ചിലരും മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 30 ലക്ഷം രൂപവരെ ഓരോ തസ്തികയിലേക്കുമുള്ള നിയമനത്തിന് കോഴ വാങ്ങിയതായി ആരോപണം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് കെ.കെ. ഷിബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സി.സി രണ്ടംഗ അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവരാണ് കമീഷൻ അംഗങ്ങൾ. ജോസ് വള്ളൂർ ചാവക്കാട്ടുള്ള ബ്ലോക്ക് ഓഫിസിൽ പരാതി കേൾക്കാനെത്തിയെങ്കിലും ടാജറ്റ് എത്തിയില്ല. ഇതേത്തുടർന്ന് തെളിവെടുപ്പ് നടന്നില്ല. ഡി.സി.സി ഓഫിസിൽ പരാതികൾ കേൾക്കാമെന്ന നിലപാടിനോട് പരാതിക്കാർ യോജിക്കുന്നില്ല. കമീഷൻ പ്രഹസനമാകുമെന്ന് കണ്ടാണ് കൗൺസിലർമാർ നേരിട്ട് മന്ത്രിയെ സമീപിച്ചത്. ഡി.സി.സിയുടെ മൂന്ന് ജനറൽ സെക്രട്ടറിമാർ ഉൾപ്പെട്ട ബാങ്ക് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ സി.പി.എമ്മുകാരനായ മന്ത്രിക്ക് പരാതി നൽകിയത് ഏറെ ഗൗരവത്തോടെയാണ് പാർട്ടിയിലെ ഒരു വിഭാഗം കാണുന്നത്. വിഷയത്തിൽ നഗരസഭയിൽ എ ഗ്രൂപ് രണ്ടുതട്ടിലാണ്. അർബൻ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കക്ഷിയാകേണ്ടെന്നാണ് എ ഗ്രൂപ്പിെൻറ ഔദ്യോഗിക വിഭാഗത്തിെൻറ തീരുമാനം. ഈ തീരുമാനത്തിന് വിരുദ്ധമായി നീങ്ങുന്നവരെ ഗ്രൂപ്പുമായി സഹകരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അർബൻ ബാങ്ക് വിഷയത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെ കമീഷനെ നിയമിച്ച ഡി.സി.സിയുടെ നടപടിയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബാങ്ക് ചെയർമാനായ ജനറൽ സെക്രട്ടറി വി. വേണുഗോപാൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജനറൽ സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, ബാങ്ക് വൈസ് ചെയർമാനായ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ആേൻറാ തോമസ് എന്നിവർ തങ്ങളുടെ പരാതി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.