പട്ടിക്കാട്: കരാറുകാർക്ക് തുക നൽകാത്തതിനെത്തുടർന്ന് കുതിരാൻ തുരങ്ക നിർമാണം വീണ്ടും അനിശ്ചിതത്വത്തിൽ. മുഖ്യ കരാർ കമ്പനിയായ കെ.എം.സിക്ക് ബാങ്കിൽനിന്നുള്ള തുക മുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ തുരങ്ക നിർമാണ കരാറുകാരായ പ്രഗതിക്കും പണം ലഭിച്ചിട്ടില്ല. പ്രതിഫല വിതരണം മുടങ്ങിയതോടെ ടിപ്പർ ഉൾപ്പെടെയുള്ള കരാറുകാർ ഇനി പണിക്കിറങ്ങില്ലെന്ന് തീരുമാനിച്ചു. ശനിയാഴ്ചയോടെ ഇവർ പണി അവസാനിപ്പിച്ചു. തൊഴിലാളികളെ എത്തിച്ച കരാറുകാരും സമരത്തിലായി. ഇതോടെ 250ഓളം തൊഴിലാളികൾ പണിക്കിറങ്ങില്ല. തുരങ്കനിർമാണം അവസാനഘട്ടത്തിലായിരിക്കെ വീണ്ടും സ്തംഭിക്കുന്ന സ്ഥിതിയാണ്. നേരത്തെയും പണം നൽകുന്നത് മുടങ്ങിയതോടെ തൊഴിലാളികൾ സമരം ചെയ്തിരുന്നു. പല ഉറപ്പുകൾ നൽകിയാണ് ഇവരെ അനുനയിപ്പിച്ച് നിർമാണം തുടർന്നത്. വീണ്ടും പണം മുടങ്ങിയതോടെ ഇനി പണിക്കിറങ്ങില്ലെന്ന് ഇവർ അറിയിച്ചു. മാർച്ച് 31ആണ് േദശീയപാത കമീഷനിങ് ചെയ്യാനുള്ള കാലാവധി. എന്നാൽ ദേശീയപാതയുടെ നിർമാണ ജോലികൾ ഇനിയും ബാക്കിയാണ്. ഇതോടെയാണ് ബാങ്കുകൾ തുക അനുവദിക്കുന്നത് നിർത്തിയതെന്നാണ് സൂചന. നിർമാണ കരാറുകാരായ കെ.എം.സിയുടെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് രണ്ട് വർഷം മുമ്പ് തീരേണ്ട പദ്ധതി നീളുന്നത്. നേരത്തെ 2017 ഡിസംബറിൽ പദ്ധതി തീർക്കാനായിരുന്നു ദേശീയപാത അതോറിറ്റി നിർദേശിച്ചത്. എന്നാൽ, വിവിധ കാരണങ്ങൾ ഉന്നയിച്ച് കെ.എം.സി സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്നാണ് 2018 മാർച്ചിൽ കമീഷനിൽ നടത്താൻ നിർദേശിച്ചത്. അടിപ്പാതകൾ, സർവിസ് റോഡുകൾ, കാനകൾ, ബസ് ബേകൾ, സിഗ്നൽ എന്നിങ്ങനെ നിരവധി നിർമാണങ്ങൾ ഇനിയും ബാക്കിയാണ്. ആറുവരിപ്പാതപോലും പലയിടത്തും പൂർത്തിയായിട്ടില്ല. മാർച്ചിനകം നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരെ ദേശീയപാത അതോറിറ്റി നടപടിയെടുത്തേക്കുമെന്നാണ് സൂചന. കുതിരാനിൽ നാട്ടുകാരുടെ സമരം പട്ടിക്കാട്: തുരങ്കം വന്നാലും കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള വഴി അടച്ചു കെട്ടരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ തുരങ്കമുഖത്ത് സമരം തുടങ്ങി. ഈ വഴി 50മീറ്റർ നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം തുരങ്കം തുറക്കുന്നതോടെ നേരത്തെ ഉപയോഗിച്ച വഴി അടക്കാനാണ് അതോറിറ്റിയുടെ തീരുമാനമെന്നറിയുന്നു. ഇതിനെതിരെയാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ഇവിടെ ബസ് സ്്റ്റോപ് നിർമിക്കണമെന്നും സമാന്തര പാതയായി നിലനിർത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. വഴി അടക്കുന്നതോടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. പീച്ച് ഫോറസ്റ്റ് പരിധിയിലുള്ളതാണ് ഈ പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.