നഗരസഭ ചര്‍ച്ചക്കിടെ വി.ആര്‍.പുരം സ്‌കൂള്‍ പ്രിന്‍സിപ്പലിന് മര്‍ദനം

ചാലക്കുടി: മാർക്കിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിപ്പിക്കാൻ നഗരസഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചതായി പരാതി. ചാലക്കുടി വിജയരാഘവപുരം ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് മർദനമേറ്റത്. പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ശനിയാഴ്ച വൈകീട്ട് നഗരസഭ അധ്യക്ഷയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മര്‍ദനമുണ്ടായത്. നഗരസഭ അംഗങ്ങളും പി.ടി.എ പ്രതിനിധികളും രക്ഷാകര്‍ത്താക്കളും യോഗത്തില്‍ ഉണ്ടായിരുന്നു. ചര്‍ച്ചക്ക് എത്തിയവരില്‍ ഒരാളാണ് പ്രിന്‍സിപ്പലിനെ തല്ലിയത്. തല്ലിയ ആള്‍ ഉടന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ആരുമായിരുന്നില്ലെന്നും യോഗത്തില്‍ അറിയാതെ നുഴഞ്ഞു കയറിയ ആളാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു ദിവസങ്ങളായി സി.എ മാര്‍ക്കിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. കുട്ടികളുടെ സി.എ മാര്‍ക്ക് പ്രിന്‍സിപ്പൽ വെട്ടി ക്കുറച്ചെന്നാണ് ആരോപണം. എന്നാല്‍ ആറ് മാസം പഠിപ്പിച്ച അധ്യാപകനും അദ്ദേഹം മാറി തുടര്‍ന്നുവന്ന അധ്യാപകനും ഇട്ട മാര്‍ക്കുകള്‍ വലിയ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പൽ എല്ലാവരുടെയും മാര്‍ക്ക് തിരുത്തുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പ്രിന്‍സിപ്പലിനെതിരെ തിരിഞ്ഞത്. തര്‍ക്കം മൂത്തതോടെ നഗരസഭയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ചര്‍ച്ച നടന്നുവരികയാണ്. ഇതിനിടെയാണ് പ്രിന്‍സിപ്പലിന് മര്‍ദനമേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.