200 കോടിയുടെ ഫിനോമിനല്‍ നിക്ഷേപതട്ടിപ്പ്: രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്​റ്റ് ചെയ്തു

ചാലക്കുടി: വിവിധ ജില്ലകളില്‍നിന്നുള്ള നിക്ഷേപകരിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനോമിനല്‍ ഗ്രൂപ്പി​െൻറ ഡയറക്ടര്‍മാരായ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വെസ്റ്റ് മുംബൈ, ഗോറായി, അന്മോള്‍ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റിയിലെ ജോസഫ് മാളിയേക്കല്‍ (51), മുംബൈ ഈസ്റ്റ് മാലാട് സ്വദേശി വിലാസ് നര്‍ക്കര്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ പരാതിയില്‍ കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. അന്വേഷണസംഘം ഒരാഴ്ചയോളം മുംബൈയില്‍ തങ്ങി രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. ഇവരുടെ പേരില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അമ്പതോളം കേസുകളാണുള്ളത്. രണ്ടു പ്രതികളെയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഫിനോമിനല്‍ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കല്ലേറ്റുങ്കര മുത്തിരത്തിപറമ്പില്‍ ഷംസീര്‍ (54), ചാലക്കുടി ഫൊറോനപ്പള്ളിക്ക് സമീപം ചെങ്ങിനിമറ്റം തോമസ് (71) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. തട്ടിപ്പി​െൻറ മുഖ്യസൂത്രധാരകരായ രണ്ടുപേര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മുംബൈ സ്വദേശിയാണ് ഇവരില്‍ ഒരാള്‍. ഇയാളാണ് കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ പണം മുംബൈയിലേക്ക് വലിച്ചത്. രണ്ടാമത്തെയാള്‍ സ്ഥാപനത്തി​െൻറ ഡയറക്ടറും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളുമായ കൊരട്ടി കട്ടപ്പുറം സ്വദേശിയാണ്. ഫിനോമിനല്‍ കെയറി​െൻറയും ഡയറക്ടര്‍മാരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് സി.ഐമാരായ എം.വി. മണികണ്ഠന്‍, സജീവ് ചെറിയാന്‍, എസ്.ഐമാരായ കെ.ആര്‍. രതീഷ്, സി.കെ. രാജു, എ.എസ്‌.ഐ സാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി തുക നല്‍കാമെന്നും മെഡിക്ലയിം ആനുകൂല്യങ്ങള്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ജനങ്ങളെയാണ് ഫിനോമിനല്‍ കെയര്‍ എന്ന സ്ഥാപനം വഞ്ചിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.