വടക്കാഞ്ചേരി: മച്ചാട് മലനിരയുടെ താഴ്വാരങ്ങളിൽ കുതിരാരവം വീണ്ടുമുയർന്നു. പൊയ്ക്കുതിരകളെ തോളിലേറ്റിയ പുരുഷാരം കൊയ്ത്തൊഴിഞ്ഞ പാടങ്ങളെ ചവിട്ടിമെതിച്ച് പാഞ്ഞുപോയി. കുംഭവെയിൽ ആ ആവേശച്ചൂടിൽ പൂനിലാവായി. തട്ടക നിവാസികളൊന്നായി പൊയ്ക്കുതിരകളുമായി തിരുവാണിക്കാവ് ദേവീ സന്നിധിയിൽ ആർത്തലച്ചെത്തി. പൊയ്ക്കുതിരകളെ മുകളിലേക്ക് എറിഞ്ഞ് ക്ഷേത്രം വലംവെച്ച ദേശക്കാർ ആവേശത്താളമായി. പനങ്ങാട്ടുകര -കല്ലമ്പാറ ദേശത്തിനായിരുന്നു ഇത്തവണ മാമാങ്ക നടത്തിപ്പ്. വിരുപ്പാക്ക, മണലിത്തറ, കരുമത്ര, മംഗലം, പാർളിക്കാട് വിഭാഗങ്ങളാണ് കുതിരയെഴുന്നള്ളിപ്പുമായി കാവിലെത്തിയത്. പത്തു പൊയ്ക്കുതിരകളെ തോളിലേറ്റി മത്സരബുദ്ധിയോടെ ദേശവാസികളെത്തി. ക്ഷേത്ര കുതിരകളും മണലിത്തറ, വിരുപ്പാക്ക, കരുമത്ര -ദേശങ്ങളും രണ്ടുവീതവും മംഗലം-, പാർളിക്കാട് ദേശങ്ങൾ ഒന്ന് വീതവുമാണ് കുതിരകളെ എഴുന്നള്ളിച്ചത്. കരുമത്ര രണ്ട് കുട്ടിക്കുതിരകളെ എഴുന്നള്ളിച്ചപ്പോൾ മണലിത്തറ, വിരുപ്പാക്ക എന്നീ ദേശങ്ങളിൽ നിന്ന് ഓരോ കുട്ടിക്കുതിരകൾ എഴുന്നള്ളിപ്പിൽ കണ്ണികളായി. ചൊവ്വാഴ്ച്ച ഉച്ചക്ക് 12 ഒാടെ മാമാങ്ക ചടങ്ങുകൾ ആരംഭിച്ചു. വിരുപ്പാക്ക ദേശം വാസുദേവപുരം ക്ഷേത്രത്തിൽ നിന്നാണ് കുതിര എഴുന്നള്ളിപ്പ് ആരംഭിച്ചത്. മണലിത്തറയിൽ രാവിലെ ഏഴിന് കുംഭക്കുടം പുറപ്പാട് നടന്നു. പഴയന്നൂപ്പാടം, കുറ്റിക്കാട്, മലാക്ക വിഭാഗങ്ങളാണ് കുംഭക്കുടം എഴുന്നള്ളിപ്പിൽ അണിനിരന്നത്. തുടർന്ന് എട്ടിന് കുതിരക്കൽ പറ എത്തി. 11.30ന് കുതിരക്കൽ തച്ചെൻറ പൂജയും വെടിക്കെട്ടും നടന്നു. തുടർന്ന് എഴുന്നള്ളിപ്പ്. ഉച്ചക്ക് ദേശത്തിെൻറ ഹരിജൻ വേലയും ഉണ്ടായി. കരുമത്ര ദേശത്ത് ഉച്ചക്ക് 12.30 നാണ് കുതിരകൾക്ക് തച്ചെൻറ പൂജയും വെടിക്കെട്ടും അരങ്ങേറിയത്. മംഗലത്തും, പാർളിക്കാടും രാവിലെ 11ന് കുതിര എഴുന്നള്ളിപ്പ് നടന്നു. മംഗലം അയ്യപ്പൻകാവിൽ നിന്നും പാർളിക്കാട് തച്ചനാത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽനിന്നും എഴുന്നള്ളി. എല്ലാ ദേശക്കുതിരകളും കുമരം കിണറ്റുകരയിലെ പാടത്തിൽ ആദ്യമെത്തി. ഇവിടെ കുതിരകളെ സ്വീകരിക്കാൻ രണ്ട് ക്ഷേത്രക്കുതിരകൾ എത്തിയിരുന്നു. വിശ്രമശേഷം ആചാര വെടി മുഴങ്ങുന്നതോടെ മത്സര ഓട്ടം തുടങ്ങി. കുതിരകളെ തോളിലേറ്റി ആരവം മുഴക്കി ഭഗവതി സന്നിധിയിൽ ആദ്യമെത്താനുള്ള മത്സരം മതിവരാ കാഴ്ചയൊരുക്കി. ക്ഷേത്രത്തിൽ പ്രത്യേകപൂജകളും അഭിഷേകങ്ങളും നടന്നു. കുതിരകൾ കാവിലെത്തിയപ്പോൾ ഉച്ച. ഉടൻ പഞ്ചവാദ്യത്തിന് കോൽ വീണു. കുനിശ്ശേരി അനിയൻമാരാരുടെ, പ്രമാണിത്തത്തിൽ ഗംഭീര പഞ്ചവാദ്യം ഉത്സവപ്രേമികൾ നന്നായി ആസ്വദിച്ചു. മേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ നേതൃത്വം നൽകി. മേളം കൊട്ടി കലാശിച്ചതോടെ കുതിരകൾക്ക് അനക്കംവെച്ചു. പൂതൻ, തിറ, ഹരിജൻ വേല എന്നിവ കാവ് കയറി. വെടിക്കെട്ട്, കല്ലൂർ ഉണ്ണികൃഷ്ണെൻറ തായമ്പക, മദ്ദളകേളി, കൊമ്പ് പറ്റ്, കുഴൽപറ്റ്, മെഗാ സ്റ്റേജ് ഇവൻറ് എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.