കോർപറേറ്റ് മാധ്യമങ്ങൾ തൊഴിലാളി സമരങ്ങളെ തമസ്കരിക്കുന്നു -എസ്. രാമചന്ദ്രൻ പിള്ള തൃശൂർ: രാജ്യത്തെ കോർപറേറ്റ് മാധ്യമങ്ങൾ ബോധപൂർവം സംഘടിതമായി തൊഴിലാളി സമരങ്ങൾ തമസ്കരിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തൃശൂരിൽ കർഷക-കർഷക തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളുടെ സന്ദേശം സമൂഹത്തിൽ എത്തിക്കാനുള്ള ദൗത്യമാണ് ഇതിലൂടെ മാധ്യമങ്ങൾ വിസ്മരിക്കുന്നത്. കോർപറേറ്റ് പക്ഷപാതിത്വം കാണിക്കുന്ന മാധ്യമങ്ങൾ നിരസിച്ചാലും ജനകീയ സമരങ്ങൾ കൂടുതൽ ശക്തിയോടെ ഉയരും. അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത വിധം പ്രക്ഷോഭങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നത്. കാർഷിക മേഖല ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. ധനിക വിഭാഗത്തെ ആശ്രയിച്ചുള്ള മുതലാളിത്ത വികസന സമ്പ്രദായമാണ് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്. വ്യാപാരം അടിസ്ഥാനമാക്കിയുള്ള കാർഷിക വിപണന നയം മുതലാളിത്വത്തിെൻറ മുഖമാണ്. കർഷകർ ഓരോ വർഷവും കൂടുതൽ പാപ്പരാവുകയാണ്. കൃഷിയും ഉൽപാദനവും വിപണനവും ഉൾെപ്പടെ എല്ലാം കോർപറേറ്റുകളുടെ നിയന്ത്രണത്തിലായി. കേരളത്തിലെ കാർഷിക മേഖലയിലും ഉൽപാദന വർധനവ് ഉണ്ടാകുന്നില്ല. കൃഷിയിൽനിന്ന് ഭൂമിയുടെ അകന്നു പോക്ക് വിവിധ ജില്ലകളിൽ വ്യത്യസ്ത തരത്തിൽ നടക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗം കാർഷിക മേഖലക്ക് ഉപയോഗപ്പെടുന്നില്ല. ഇൗ അവസ്ഥ പരിഹരിക്കണം. ഇടതുപക്ഷ ബദലിനു മാത്രമേ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ പ്രസിഡൻറ് തിരുനാവക്കരശ്, കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, മുരളി പെരുനെല്ലി എം.എൽ.എ, സംഘാടക സമിതി ചെയർമാൻ ബേബി ജോൺ, എം.വി. ഗോവിന്ദൻ, ലളിത ബാലൻ, കെ.കെ. ശ്രീനിവാസൻ, ടി.കെ. വാസു, എ.എസ്. കുട്ടി, എം.എം. വർഗീസ്, ആർ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.