അർഹരായ എല്ലാവർക്കും പട്ടയം നൽകും -മന്ത്രി തൃശൂർ: അർഹതപ്പെട്ട എല്ലാവർക്കും ഭൂമിയുടെ പട്ടയം നൽകുകയെന്നത് സർക്കാറിെൻറ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 മാസം കൊണ്ട് 62,000 പേർക്കാണ് പട്ടയം നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിവിധ ജില്ലകളിലായി 45,000 പട്ടയങ്ങൾ ഇതുവരെ വിതരണം ചെയ്തു. മേയ്, ഡിസംബർ മാസങ്ങളിൽ വീണ്ടും മേളകൾ നടത്തി അർഹർക്ക് പട്ടയമെത്തിക്കും. ഒൗദ്യോഗിക തലത്തിലെ നടപടിക്രമങ്ങൾ വേഗത്തിൽ നടക്കാത്തതാണ് മുമ്പുണ്ടായിരുന്ന പ്രശ്നം. സർക്കാർ നിർദേശമനുസരിച്ച് ഉദ്യോഗസ്ഥർ സജീവമായതോടെ പട്ടയവിതരണത്തിലെ തുടർപ്രവർത്തനങ്ങൾ വേഗത്തിലായി. ഭൂപരിഷ്കരണ നിയമം നടപ്പായി 48 വർഷം കഴിഞ്ഞിട്ടും അവകാശപ്പെട്ട പട്ടയം ലഭ്യമാക്കാൻ അർഹരിൽ പലർക്കും കഴിഞ്ഞിട്ടില്ല. 82 ലക്ഷം ഭൂമിയുടെ ഉടമസ്ഥരുള്ള കേരളം പോലൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. രണ്ട് ലക്ഷം വരെയാണ് ഇനി പട്ടയം കിട്ടാനുള്ളവരുടെ കണക്ക്. വർഷത്തിൽ രണ്ടു തവണ പട്ടയമേള നടത്തി അർഹർക്കെല്ലാം നൽകണമെന്നാണ് സർക്കാറിെൻറ ലക്ഷ്യം. പട്ടയ മേള കാപട്യമാണെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണം ശരിയല്ല. യു.ഡി.എഫ് അധികാരത്തിലിരുന്ന 2011 മുതൽ 2016 വരെ 11,109 പട്ടയമാണ് വിതരണം ചെയ്തത്. ഇടത് സർക്കാർ അധികാരത്തിലേറി 20 മാസം കൊണ്ട് 16,868 പട്ടയങ്ങൾ നൽകാനായി. അവകാശ രേഖ കൊടുക്കാൻ എളുപ്പമാണെന്ന് പറയുന്നവർ നേരത്തെ എന്തുകൊണ്ട് കൊടുത്തില്ല. ജില്ലയിലെ വനഭൂമി പട്ടയങ്ങൾക്കാണ് ചില പ്രശ്നങ്ങൾ ഉള്ളത്. കേന്ദ്രാനുമതി ലഭിച്ചെങ്കിൽ മാത്രമേ പട്ടയം നൽകാൻ കഴിയൂ. നിലവിൽ 1334 എണ്ണത്തിൽ 391 എണ്ണത്തിനു സംയുക്ത പരിശോധന റിപ്പോർട്ട് കിട്ടിയിട്ടില്ല. നിയമാനുസൃതമായി നൽകാനാവുന്ന പട്ടയങ്ങൾ എല്ലാം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി ജില്ലയിൽ 6,182 പേർക്ക് പട്ടയം വിതരണം ചെയ്തു. ഇ.ടി. ടൈസണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.യു. അരുണൻ എം.എൽ.എ, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, എ.ഡി.എം സി.വി. സജന്‍, കലക്ടര്‍ ഡോ. എ. കൗശിഗന്‍, സബ് കലക്ടര്‍ ഡോ. രേണുരാജ്, എം.പി. തോമസ്, കെ.ആർ. ഗിരിജൻ, എ.വി. വല്ലഭൻ, പി.കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.