വടക്കുന്നാഥനിൽ ലക്ഷദീപം തെളിഞ്ഞു; ശിവരാത്രി പൂരം കാണാൻ ആയിരങ്ങൾ

തൃശൂർ: മലയാള മാസം ഒന്നാം തീയതിയും ശിവരാത്രിയുമൊന്നിച്ചതിൽ ക്ഷേത്രങ്ങളിൽ വൻ ഭക്ത ജനത്തിരക്ക്. വ്രതമെടുത്തും ഉറക്കമൊഴിച്ചും ഭക്തർ ശിവരാത്രിയാഘോഷിച്ചു. കാവടി-പൂരങ്ങളും, കലാസാംസ്കാരിക പരിപാടികളും ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ഒരുക്കിയിരുന്നു. തൃശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ പുലർച്ചെ നട തുറക്കലിന് മുമ്പ് തന്നെ ഭക്തരുടെ നിരയാരംഭിച്ചിരുന്നു. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിൽ സൗകര്യങ്ങളൊരുക്കിയിരുന്നു. വൈകീട്ട് ആറിന് ലക്ഷദീപം തെളിക്കലിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ക്ഷേത്രം മതിലകത്ത് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ചാക്യാർകൂത്തും ഒമ്പതിന് തായമ്പകയും അരങ്ങേറി. ശിവരാത്രി മണ്ഡപത്തിൽ ഭജന, ഒട്ടന്തുള്ളൽ, ഭിന്നശേഷിക്കാരായ മൂന്നു പെൺകുട്ടികൾ അണിനിരക്കുന്ന ഫ്യൂഷൻ ഡാൻസ്, ഭരതനാട്യം, സംഗീതക്കച്ചേരി എന്നിവയും അരങ്ങേറി. അശോകേശ്വരം തേവർ ചെമ്പൂക്കാവ് ഭഗവതി, തിരുവമ്പാടി ഭഗവതിമാരുടേയും പാറമേക്കാവ്, നെയ്തലക്കാവ്, അയ്യന്തോൾ, ലാലൂർ, കാരമുക്ക്, ചൂരക്കാട്ടുകര എന്നീ ഭഗവതിമാരുടെയും കണിമംഗലം പനമുക്കുംപിള്ളി ശാസ്താക്കന്മാരുടെയും എഴുന്നള്ളിപ്പുണ്ടായി. ക്ഷേത്രത്തിനകത്ത് പൂജയും 11 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പും നടന്നു. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ രാവിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ശ്രീമൂല സ്ഥാനത്ത് മഹാപരിക്രമയുമുണ്ടായിരുന്നു. കോടന്നൂർ പനംകുറ്റിച്ചിറ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, കൂട്ടപ്പറ നിറയ്ക്കൽ, കലശാഭിഷേകം എന്നിവയുണ്ടായി. പൂങ്കുന്നം ക്ഷേത്രത്തിൽ രാവിലെ 9.30ന് പാണ്ടിമേളം, വൈകീട്ട് 6.45ന് സമൂഹാർച്ചന, രാത്രി എട്ടിന് ഭജന എന്നിവയുണ്ടായി. പെരുവനം മഹാദേവ ക്ഷേത്രം, ആനക്കല്ല് തൃത്തമാശ്ശേരി ശിവക്ഷേത്രം, അഞ്ചേരി തിരുത്തൂർ മഹാദേവ ക്ഷേത്രം, തലോർ മഹാദേവക്ഷേത്രം, അടാട്ട് ശിവവിഷ്ണുക്ഷേത്രം, മുതുവറ മഹാദേവ ക്ഷേത്രം, പനമുക്ക് കരുന്തല ശിവക്ഷേത്രം, തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, കുന്നംകുളം തലക്കോട്ടുക്കര മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും നടന്ന ശിവരാത്രി ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.