നഗരം നിറഞ്ഞ്​ ഫ്ലക്​സ്​ ബോർഡുകൾ: കോടതിയലക്ഷ്യ ഹരജിയുമായി വ്യാപാരികൾ വീണ്ടും ഹൈകോടതിയിൽ

തൃശൂർ: ഹരിത പെരുമാറ്റച്ചട്ടം പാലിച്ച കേരള സ്കൂൾ കലോത്സവത്തിന് ശേഷം തൃശൂർ നഗരത്തിൽ കാഴ്ച മുടക്കിയും വഴിമുടക്കിയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ വ്യാപാരികൾ വീണ്ടും ഹൈകോടതിയിൽ. നേരത്തെ നൽകിയ ഹരജിയിൽ ഫ്ലക്സ് ബോർഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്ക് നൽകിയ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ കോടതിയെ സമീപിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിലും വാഹനങ്ങൾ ഓടിക്കുന്നവരുടെ കാഴ്ച മറക്കുന്ന തരത്തിലും കൂറ്റൻ ഫ്ലക്സുകൾ നഗരത്തിൽ വ്യാപകമാണ്. കാൽനടക്കാരുടെ വഴിമുടക്കി നടപ്പാതകളിലേക്ക് തള്ളി നിൽക്കുന്ന ബോർഡുകൾ അപകടകാരികൾ കൂടിയാണ്. നടുവിലാൽ, പാറമേക്കാവ് ക്ഷേത്ര പരിസരം, ജില്ല ആശുപത്രി, കുറുപ്പം റോഡ്, ബിനി ജങ്ഷൻ എന്നിവിടങ്ങളിലും റൗണ്ടിന് പുറത്ത് രാമനിലയം, ടൗൺ ഹാൾ, പടിഞ്ഞാറക്കോട്ട, കലക്ടറേറ്റ്, ശക്തൻ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിലും ബോർഡുകൾ നിറഞ്ഞിട്ടുണ്ട്. ഫുട്പാത്തിനോട് ചേർന്നുള്ള കൈവരികളിൽ അപകട ഭീഷണി ഉയർത്തുന്ന തരത്തിലാണ് ബോർഡുകളുള്ളത്. ഇതിനെതിരെ നടപടിയെടുക്കേണ്ട കോർപറേഷൻതന്നെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നടുവിലാലിന് സമീപം ഒരു സംഘടനയുടെ കൊടി കെട്ടിയ വടി റോഡിലേക്ക് തള്ളിനിന്നതിൽ തട്ടി കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ വീണതോടെയാണ് വ്യാപാരികൾ വീണ്ടും കോടതിയെ സമീപിച്ചത്. ഇത്തരം അപകടം റൗണ്ടിലും പരിസരത്തും എപ്പോഴും സംഭവിക്കാവുന്ന അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. മാസങ്ങൾക്ക് മുമ്പ് അപകടമുണ്ടായപ്പോൾ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടും ഫലമില്ലാതെ പൊലീസ് ഇടപെട്ട് ബോർഡുകൾ നീക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.