പുല്ല്​ വെറും പുല്ലല്ല; തരിശുകിടന്ന 40 ഏക്കറിൽ തീറ്റപ്പുല്‍ കൃഷി

ചാലക്കുടി: കര്‍ഷകര്‍ കളയെന്ന് കരുതി പാടത്തുനിന്ന് പുല്ലുകള്‍ പറിച്ചുനീക്കുമ്പോള്‍ മേലൂരില്‍ നടുത്തുരുത്ത് വഴിയിലെ പാടശേഖരത്തില്‍ പുല്ല് നട്ടുവളര്‍ത്തുകയാണ്. തരിശായി കിടന്ന ഇവിടത്തെ 40 ഏക്കറിൽ തീറ്റപ്പുല്‍ കൃഷിയാണ് സമൃദ്ധമായി വളരുന്നത്. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തി​െൻറ നേതൃത്വത്തിലാണ് പുല്‍കൃഷി. വിൽപന ലക്ഷ്യമിട്ടല്ല പാടത്ത് പുല്‍കൃഷി ആരംഭിച്ചത്. ഡിവൈന്‍ വക പശുവളര്‍ത്തല്‍ ഫാം ആരംഭിച്ചിരുന്നു. ആദ്യമെല്ലാം പശുക്കൾക്ക് തീറ്റ കൊടുക്കാന്‍ പുല്ല് വില നല്‍കി പുറമേ നിന്ന് വാങ്ങുകയായിരുന്നു. അതിന് ബദൽ എന്ന നിലയിലാണ് പുല്‍കൃഷി ഊർജിതമാക്കിയത്. പുല്‍കൃഷി ആരംഭിക്കാന്‍ വിത്തല്ല, തണ്ടുകളാണ് നടുക. ആദ്യത്തെ ഒറ്റ തവണ മാത്രമേ നടേണ്ടി വന്നിട്ടുള്ളൂ. എല്ലായ്‌പ്പോഴും നല്ല വിളവ് ലഭിച്ചിട്ടുണ്ട്. അരിഞ്ഞെടുത്ത് കഴിഞ്ഞാലും ഓരോ രണ്ടുമാസം കൂടുമ്പോഴും വീണ്ടും വിളവെടുക്കാം. വിളവെടുപ്പ് കഴിഞ്ഞാല്‍ ശേഷിക്കുന്ന കടകളില്‍ വെള്ളവും ഗോമൂത്രവും കലക്കി ടാങ്കറുകളിലാക്കി തളിക്കും. ഇതോടെ വീണ്ടും സമൃദ്ധമായി വളരും. ഇതര സംസ്ഥാന തൊഴിലാളികളാണ് കൃഷി ജോലികൾ നിര്‍വഹിക്കുന്നത്. കൃഷി ആരംഭിക്കാനുള്ള തണ്ടുകള്‍ വെറ്റിനറി സര്‍വകലാശാലയുടെ കീഴിലുള്ള തുമ്പൂര്‍മുഴി ഫാമില്‍നിന്നാണ് കൊണ്ടുവന്നത്. കൃഷിക്ക് അവിടത്തെ സാങ്കേതികവിദഗ്ധരുടെ സഹായവും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.