കുന്നംകുളം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം കുന്നംകുളം: കക്കാട് മേഖലയിലെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളം മലിനമാകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്ത സാഹചര്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വ്യാഴാഴ്ച വിളിച്ചു ചേർക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കക്കാട് പാടശേഖരത്തിലേക്ക് തിരുത്തിക്കാട് ബണ്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്തതോടെ സമീപത്തെ തുറക്കുളം മാർക്കറ്റിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ അടിഞ്ഞുകൂടി കിണറുകളിലെയും കുളങ്ങളിലെയും വെള്ളം മലിനമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയെന്ന് കൗൺസിലർ പി.ഐ. തോമസ് ചൂണ്ടിക്കാട്ടി. തുറക്കുളം മാർക്കറ്റിലെ മാലിന്യത്തിനു പുറമെ മാലിന്യം രാത്രിയിൽ ഇവിടെ തള്ളുന്നുണ്ട്. സമീപത്തെ ഫാക്ടറി മാലിന്യവും തോടു വഴി ഒഴുകിയെത്തുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണെന്നും അടിയന്തര നടപടി കൈകൊള്ളണമെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രശ്നം അറിഞ്ഞിട്ടും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ക്ലോറിനേഷൻ നടത്തിയതല്ലാതെ ഒന്നും ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. ക്ലോറിനേഷൻ നടത്തിയ കിണറുകളിലെ വെള്ളം വലിയ കുപ്പികളിലാക്കി പ്ലക്കാഡുമേന്തിയുമാണ് ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ എത്തിയത്. ഈ മേഖലയിൽ നഗരസഭയുടെ നേതൃത്വത്തിൽ വെള്ളം വിതരണം ചെയ്യണമെന്ന് ബിജു സി. ബേബി ആവശ്യപ്പെട്ടു. ബണ്ടിൽ നിന്ന് വെള്ളം പമ്പിങ്ങ് നടത്തുന്നത് നിർത്തിവെക്കണമെന്ന് കോൺഗ്രസ് അംഗം പി.ഐ. തോമസ് ആവശ്യപ്പെട്ടത് തർക്കത്തിനിടയാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ്, സി.എം.പി അംഗങ്ങൾ ഇറങ്ങിപ്പോയി. നഗരസഭ പരിധിയിൽ ഉറവിടമാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്ത സ്ഥാപനങ്ങളുടെ മാലിന്യം നഗരസഭ ശേഖരിക്കാൻ ജൈവ മാലിന്യത്തിന് കിലോക്ക് മൂന്നു രൂപയും അജൈവ മാലിന്യത്തിന് ആഴ്ചയിൽ ഒരു തവണ എന്ന കണക്കിൽ പ്രതിമാസം 100 രൂപയും ഇൗടാക്കാൻ തീരുമാനിച്ചു. റിപ്പബ്ലിക് ദിന റാലിയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റ് വേദിയിൽ വെച്ച് പഴഞ്ഞി എം.ഡി കോളജ് എൻ.സി.സി വിദ്യാർഥികൾ വലിച്ചു കീറിയ സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഷാജി ആലിക്കൽ ആവശ്യപ്പെട്ടു. സംഭവം എൻ.സി.സി അധികാരികളെ അറിയിക്കാനും വിദ്യാർഥിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.എ. അസീസ്, കെ.കെ. മുരളി, ഗീത ശശി, കെ.എ. സോമൻ, ആവേൻ ശ്രീജിത്ത്, ജയസിങ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.