തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്ക്​ ഹാജർബത്തയിൽ 233 ശതമാനം വർധന

തൃശൂർ: സുപ്രീം കോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാർക്ക് 200 ശതമാനമാണ് ശമ്പള വർധനയെങ്കിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഹാജർബത്ത 233 ശതമാനം വർധിച്ചു. 2018 ജനുവരി ഒന്നു മുതൽ നിരക്കു വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അംഗങ്ങളുടെ ഹാജർബത്ത വർധനയിലെ അധിക സാമ്പത്തിക ബാധ്യത തനത് ഫണ്ടിൽ നിന്ന് വഹിക്കേണ്ടി വരുമ്പോൾ ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങളുടേത് ജനറൽ പർപ്പസ് ഫണ്ടിൽനിന്നും വഹിക്കണമെന്നാണ് ഉത്തരവ്. ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അംഗങ്ങൾ എന്നിവരുടെ ബത്ത 75 ൽ നിന്ന് 250 രൂപയാക്കി. പ്രതിമാസം പരമാവധി അഞ്ച് യോഗങ്ങളിലൂടെ 1250 രൂപ അനുവദിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടേത് 60ൽ നിന്ന് 200 രൂപയാക്കി. പ്രതിമാസം അഞ്ച് യോഗങ്ങളിൽ നിന്ന് 1000 രൂപ ലഭിക്കും. ജില്ല പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അംഗങ്ങൾ എന്നിവരുടെ ബത്ത 75ൽ നിന്ന് 250ലേക്ക് ഉയർന്നപ്പോൾ അംഗങ്ങളുടേത് 75ൽ നിന്ന് 200 ആയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അംഗങ്ങൾ എന്നിവരുടെയും ഹാജർ ബത്ത 75ൽനിന്ന് 250 രൂപയായി. രണ്ടിടത്തും അംഗങ്ങളുടേത് 60ൽ നിന്ന് 200 രൂപയായി ഉയർന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാസത്തിൽ പരമാവധി അഞ്ച് യോഗങ്ങളാണ് നടത്തേണ്ടത്. ഹാജർബത്ത വർധിപ്പിക്കണമെന്ന കേരള ഗ്രാമപഞ്ചായത്ത് മെംബേഴ്സ് അസോസിയേഷ​െൻറ ആവശ്യം പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.