തൃശൂർ: പ്രളയത്തില്‍ മലിനമായ ജില്ലയിലെ കിണറുകളുടെ സമഗ്ര ശുചീകരണത്തിന് യൂനിസെഫ് സഹകരണത്തോടെ കർമപദ്ധതി. തൃശൂർ കലക്ടറായിരുന്ന വി.കെ. ബേബിയുടെ മേൽനോട്ടത്തിലുള്ള വിദഗ്ധ സംഘമാണ് പദ്ധതി തയാറാക്കുന്നത്. കലക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. യൂനിസെഫ് 'വാഷ്'(വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ) വിഭാഗം വിദഗ്ധന്‍ ഡോ. ആനന്ദ്, നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ ഡോ. ശ്രീഹരി, കേരള വാട്ടര്‍ അതോറിറ്റി മുന്‍ എൻജിനീയര്‍ രതീഷ് എന്നിവരാണ് സംഘാംഗങ്ങൾ. ഇതിനു പുറമെ നാഗ്പുര്‍ ആസ്ഥാനമായുള്ള നാഷനല്‍ എന്‍വയണ്‍മെൻറൽ എൻജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിെല വിദഗ്ധരും സഹായിക്കാൻ എത്തും. പ്രളയം രൂക്ഷമായി ബാധിച്ച 46 പഞ്ചായത്തുകളിലെ കിണറുകളുടെ സമഗ്ര ശുചീകരണമാണ് ലക്ഷ്യം. നിലവിൽ ക്ലോറിനേഷനു ശേഷവും പല കിണറിലും ബാക്ടീരിയ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലതലത്തില്‍ കലക്ടറും തദ്ദേശ തലത്തില്‍ സ്ഥാപന മേധാവികളുമാണ് നടത്തിപ്പിന് നേതൃത്വം നല്‍കുക. പൂര്‍ണമായും വെള്ളപ്പൊക്കം ബാധിച്ചവ, ഭാഗികമായി ബാധിച്ചവ, മുഴുവനായും മുങ്ങിപ്പോയവ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച കിണറുകള്‍ വാര്‍ഡുതലത്തില്‍ കണ്ടെത്തുകയും ഇതിെൻറ അവസ്ഥയറിയാൻ വീട്ടുകാര്‍ക്ക് 10 ഇന ചോദ്യാവലി തയാറാക്കുകയുമാണ് കര്‍മപദ്ധതിയുടെ ആദ്യപടിയെന്ന് വി.കെ. ബേബി പറഞ്ഞു. രണ്ടു ദിവസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, സബ് കലക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.