തൃശൂർ: കേരള വാട്ടർ അതോറിറ്റിയുടെ തൃശൂരിലെ ജലപരിശോധന കേന്ദ്രത്തിൽ തിരക്കോട് തിരക്കാണ്. ക്യാമ്പിൽ കഴിയുന്ന പതിനായിരങ്ങൾക്ക് ശുദ്ധജലം ഒരുക്കണം. ഒപ്പം വാട്ടർ അതോറിറ്റിയുടെ വിവിധ പൈപ്പ്ലൈനുകൾ ക്രമീകരിക്കുകയും വേണം. പ്രവർത്തന സജ്ജമായ ലൈനുകളിൽ ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യവുമാക്കണം. ഇതിെനാക്കെ അപ്പുറം സംശയവുമായി എത്തുന്ന പൊതുജനത്തിന് കൃത്യമായി മറുപടി നൽകാനും സമയം കാണണം. ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യകരമായ വെള്ളം ഒരുക്കാൻ പരക്കം പായുകയാണ് ജലപരിശോധന കേന്ദ്രത്തിലെ ജീവനക്കാർ. ഉത്രാടപ്പാച്ചിൽ എല്ലാം മാറ്റിവെച്ച് സേവനപ്പാച്ചിലിലാണ് ഇവരും. കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ മേഖല ജലപരിശോധന കേന്ദ്രം, തൃശൂർ ഫോൺ: 04872338380. ജല സുരക്ഷ നിർദേശങ്ങൾ: കിണറിലെ വെള്ളം അടിച്ചുവറ്റിക്കുന്നത് ഈ സമയത്ത് പ്രായോഗികമല്ല. രൂക്ഷമോ വൃത്തികെട്ടതോ ആയ മണമില്ലെങ്കിൽ കലങ്ങിയ വെള്ളം സാവധാനം തെളിയാൻ ക്ഷമയോടെ കാത്തിരിക്കണം. കലങ്ങിയ വെള്ളം ബക്കറ്റിലെടുത്തു വെച്ച് ഊറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുക. കോട്ടൺ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുക. അല്ലെങ്കിൽ വെള്ളമെടുക്കുന്ന ടാപ്പിെൻറ അറ്റത്ത് പഞ്ഞിയോ, തുണിയോ കെട്ടിവെച്ച് വെള്ളം എടുക്കുക. അല്ലെങ്കിൽ മണലും കരിയും അടുക്കുകളാക്കി താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുക. അല്ലെങ്കിൽ സാധാരണ ഫിൽട്ടർ ഉപയോഗിക്കുക. കലക്കു മാറ്റാൻ കിണറിൽ 'ആലം' പോലുള്ളവ ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും തെളിഞ്ഞ് കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല. വെള്ളത്തിൽ ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളം ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം കുടിക്കുക. ക്ലോറിനോട് വിമുഖത വേണ്ട. ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയ അണുനശീകരണ മാർഗവുമാണ്. ബ്ലീച്ചിങ്ങ് പൗഡർ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത്. സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുമ്പോൾ 9 അടി വ്യാസമുള്ള കിണറിന് (2.75 എം) ഒരുകോൽ വെള്ളത്തിലേക്ക് ഏകദേശം അര ടേബിൾസ്പൂൺ/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂൺ/ തീപ്പെട്ടി കൂട്) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേബിൾ സ്പൂൺ മതിയാകും. 9 അടി വ്യാസമുള്ള കിണറിൽ റിങ് ഇറക്കിയതാണെങ്കിൽ മൂന്നു റിങ്ങിന് ഒരു ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ മതിയാകും. 11 അടി വ്യാസമുള്ള കിണറിൽ റിങ് ഇറക്കിയതാണെങ്കിൽ രണ്ടു റിങ്ങിന് ഒരു ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ മതിയാകും. ആവശ്യത്തിനുള്ള ബ്ലീച്ചിങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഉണങ്ങിയ വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക. ശേഷം അഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. (ഇപ്പോഴത്തെ സാഹചര്യത്തിൽ കുഴമ്പു പരുവത്തിലാക്കിയ ബ്ലീച്ചിങ് പൗഡർ ഒരു വലിയബക്കറ്റിൽ കൂടുതൽ വെള്ളം എടുത്ത ശേഷം ഇളക്കിയ ശേഷം നേരിട്ട് കിണറ്റിലേക്ക് ഒഴിക്കുന്നതാണ് ഉചിതം). കിണറിലെ വെള്ളത്തിന് ക്ലോറിെൻറ നേരിയ ഗന്ധം വേണം. അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിങ് പൗഡർ ഒഴിക്കുക. രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറവുവരും. വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിങ് പൗഡറിെൻറ അളവ് ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെ ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിങ് പൗഡറിെൻറ ഗന്ധം ഇല്ലാതായാൽ ഉടൻ ക്ലോറിനേഷൻ ചെയ്യണം. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നുവെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെള്ളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ കുടിക്കുവാനുള്ള വെള്ളം 15 മുതൽ 20 മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ചൂടാറ്റി ഉപയോഗിക്കുക. ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർക്കരുത്. തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.