ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലെ സൗകര്യം ലഭിക്കണം - അവലോകന യോഗം; സ്കൂളുകളുടെ ശുചീകരണം പൂർത്തിയാക്കണം. പാഠപുസ്തകങ്ങൾ ഇന്നെത്തും

തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന്‌ ആരെയും പിരിച്ചുവിടരുതെന്നും വീടുകള്‍ പൂര്‍ണമായി നശിച്ചവരെ 29നകം സ്ഥിരം ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ജില്ല അവലോകന യോഗത്തിൽ മന്ത്രിമാരായ സി. രവീന്ദ്രനാഥും വി.എസ്. സുനിൽകുമാറും അറിയിച്ചു. വീട്‌ തകരാന്‍ സാധ്യതയുള്ളവരെയും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ വിന്യസിപ്പിക്കണം. ക്യാമ്പ് അന്തേവാസികള്‍ക്ക്‌ വീട്ടിലേത് പോലുള്ള സൗകര്യം നല്‍കണം. വില്ലേജ്‌ ഓഫിസര്‍മാരും പഞ്ചായത്ത് പ്രസിഡൻറുമാരും തകര്‍ന്ന വീടുകളുടെ എണ്ണം കണ്ടെത്തണം. മഴക്കെടുതി മൂലം പ്രവര്‍ത്തനം നിലച്ച റേഷന്‍കടകള്‍ പുനരാരംഭിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. വെള്ളം കയറി നശിച്ച പാഠപുസ്‌തകങ്ങള്‍ക്ക് പകരം പുതിയ പുസ്‌തകങ്ങള്‍ ശനിയാഴ്ച എത്തും. ഇവ 31നു ശേഷം വിതരണം ചെയ്യും. നോട്ട്‌ബുക്ക്‌, യൂനിഫോം, ഇന്‍സ്‌ട്രുമ​െൻറ് ബോക്‌സ്‌ എന്നിവയും വിതരണം ചെയ്യും. പഞ്ചായത്ത് തലത്തില്‍ ക്ലോറിനേഷന്‍ പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. ക്യാമ്പുകളിലെ കൗണ്‍സലിങ്ങിന്‌ ചാലക്കുടി, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളില്‍ മൊബൈല്‍ സംഘം പ്രവര്‍ത്തിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ചത്ത മൃഗങ്ങളെ സംസ്‌കരിക്കാൻ പഞ്ചായത്തുതലത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കണം. മൃഗസംരക്ഷണവകുപ്പി​െൻറ നേതൃത്വത്തില്‍ പൊലീസ്‌ സംരക്ഷണത്തോടെയാവണം സംസ്കരിക്കൽ. കൂടുതല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങിയ പ്രദേശങ്ങളില്‍ കൂട്ടത്തോടെ സംസ്‌കരിക്കാമെന്നും മന്ത്രിമാര്‍ അറിയിച്ചു. വലിയ തോതിൽ വൈദ്യുതി, ജലസേചന തകരാറുള്ള പ്രദേശങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എക്‌സിക്യൂട്ടിവ്‌ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നടത്തണം. ചെറുകിട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതത്‌ പ്രദേശത്തുള്ളവരുടെ നേതൃത്വത്തില്‍ നടത്താം. കേടായ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉടന്‍ നന്നാക്കാനും മന്ത്രിമാർ നിർദേശിച്ചു. കലക്‌ടര്‍ ടി.വി. അനുപമ, ഡെപ്യൂട്ടി കലക്‌ടര്‍ എം.ബി. ഗിരീഷ്‌ എന്നിവർ സംസാരിച്ചു. 3000 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി; ഇനി 549 ദുരിതാശ്വാസ ക്യാമ്പുകൾ തൃശൂർ: മഴയൊഴിഞ്ഞ് ശുചീകരണം പൂർത്തിയാക്കിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 3000 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. ഇനി 549 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 48,612 കുടുംബങ്ങളിലായി 1,79,388 ആളുകളുണ്ട്. കുട്ടികള്‍-32,745, സ്ത്രീകള്‍ -78,507, പുരുഷന്‍മാര്‍ -68,086 എന്നിങ്ങനെയാണ് ക്യാമ്പിലുള്ളത്. തൃശൂർ-29,621, മുകുന്ദപുരം-30,461, കുന്നംകുളം-177, ചാവക്കാട്-25,419, കൊടുങ്ങല്ലൂർ-54,189, ചാലക്കുടി-39,668, തലപ്പിള്ളി-263 എന്നിങ്ങനെയാണ് താലൂക്ക് തലത്തിലെ ക്യാമ്പുകളിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.