പ്രളയം സർവതും തൂത്തെറിഞ്ഞു തിരിച്ചുപോകാൻ ഇടമില്ലാതെ കൊടുങ്ങല്ലൂരിൽ നിരവധിപേർ

കൊടുങ്ങല്ലൂർ: ഭീതി വിതച്ച് കയറിവന്ന കനോലി കനാലും കാഞ്ഞിരപ്പുഴയും തിരിച്ചിറങ്ങിയപ്പോൾ വീട് നഷ്്ടപ്പെട്ടത് നിരവധി പേർക്ക്. പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാനാവാതെ വേവലാതിപ്പെടുന്നവരുടെ കാഴ്ചയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ. കൊടുങ്ങല്ലൂർ താലൂക്കിൽ 78 ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 11,182 കുടുംബങ്ങളിൽനിന്ന് 54,189പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇവരിൽ തിരിച്ചു ചെല്ലാൻ ഒരിടം പോലുമില്ലാത്തവരുണ്ട്. പ്രളയജലത്തിൽ വീടുകൾ അപ്പാടെ തകർന്നു പോയവരാണിവർ. വീടുകൾ ബലക്ഷയം ബാധിച്ചവരാണ് മറ്റൊരു കൂട്ടർ. വെള്ളം ഇറങ്ങിയ ശേഷം നിലംപതിച്ച വീടുകളും കുറവല്ല. ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി ആവശ്യമാണ്. കെടുങ്ങല്ലൂർ നഗരത്തിലും മറ്റിടങ്ങളിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും നാശമുണ്ടായി. മത്സ്യ കൃഷിയും മറ്റും കൃഷിയും നശിച്ചവരും ഏറെയാണ്. മത്സ്യ കെട്ടുകളും, ചെമ്മീൻ ഫാമുകളും അപ്പാടെ നശിച്ചുപോയതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് മേഖലയിലെ മത്സ്യകർഷകർക്കുണ്ടായത്. കിടപ്പാടങ്ങളുടെ തകർച്ച മാത്രമല്ല ജീവനോപാധികളെയും, തൊഴിലും ഇല്ലാതാക്കിയാണ് പുഴകൾ തിരിച്ച് ഒഴുകിയത്. പത്തുപേർക്ക് പാമ്പ് കടിയേറ്റ സംഭവമുണ്ടായി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനുമായി നന്മ നിറഞ്ഞ മനുഷ്യരുടെ പ്രവാഹമാണ് കൊടുങ്ങല്ലൂരുകാർക്ക് ആശ്രയം. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനെക്കാൾ ഏറെ ദുഷ്ക്കരമാണ് ശുചീകരണം. വൈദ്യുതിയും വെള്ളവും എത്താത്ത പ്രദേശങ്ങൾ ഇനിയുമുണ്ട്. സന്നദ്ധ പ്രവർത്തകർ പലയിടങ്ങളിലും വെള്ളം എത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇൗ വഴിക്ക് ശ്രമങ്ങൾ നടത്തുന്നുണ്ട്. ക്യാമ്പ് വിടുന്നവർക്ക് എല്ലായിടങ്ങളിലും വസ്ത്രത്തി​െൻറയും ഭക്ഷ്യ വസ്തുക്കളുടെയും കിറ്റുകളും പുല്ല് പായയും വരെ നൽകുന്ന ക്യാമ്പുകളുമുണ്ട് മേഖലയിൽ. പ്രളയക്കെടുതി: നഷ്്ടം വിലയിരുത്താൻ യോഗം മതിലകം: പ്രളയക്കെടുതിയിൽ നാശം സംഭവിച്ച വീടുകളുടേയും റോഡുകളുടേയും കലങ്കുകളുടേയും കണക്ക് എടുക്കാനും വിദ്യാലയങ്ങൾ, അംഗൻവാടി മുതലായവയുടെ ഫിറ്റ്നസ് പരിശോധിക്കാനും മണ്ഡലത്തിലെ എ.ഇ മാരുടേയും ഓവർസിയർമാരുടേയും യോഗം ഇ.ടി. ടൈസൻ എം.എൽ.എ വിളിച്ചു ചേർത്തു. മണ്ഡലത്തിലെ മൃഗ പരിപാലന മേഖലയിലെ നഷ്ടങ്ങൾ പരിശോധിക്കാൻ മൃഗ ഡോക്ടർമാരുടേയും യോഗം ചേർന്നു. എല്ലാ വിഭാഗത്തേയും ഉൾപ്പെടുത്തി തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചിന് എസ്.എൻ പുരം തേവർ പ്ലാസയിൽ വിപുലമായ യോഗം ചേരുമെന്നും എം.എൽ.എ അറിയിച്ചു. യോഗത്തിൽ മതിലകം ബ്ലോക്ക് പ്രസിഡൻറ് കെ.കെ. അബീദലി, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ ബി.ഡി.ഒ വിനീത, ജോയൻറ് ബി.ഡി.ഒ ഷംല, മതിലകം എ.ഡി.എ.............. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.