തൃശൂർ: മഴവെള്ളപ്പാച്ചിലിൽ തകർന്ന എട്ടുമുന ഇല്ലിക്കൽ ബണ്ട് പുനർനിർമിച്ചു. ആലപ്പുഴയിലേയും ചാവക്കാട്ടെയും വിദഗ്ധ തൊഴിലാളികൾ അശ്രാന്തം പരിശ്രമിച്ചാണ് ബണ്ട് പുനർനിർമിച്ചത്. ഇവരെ സഹായിക്കാൻ എക്സൈസ് അക്കാദമി െട്രയിനികളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു. ആലപ്പുഴ കൈനകരി സ്വദേശി മതിമോഹനെൻറ നേതൃത്വത്തിൽ തദ്ദേശീയ സാങ്കേതിക വിദ്യയും മണൽച്ചാക്കുകളും ഉപയോഗിച്ചാണ് ബണ്ട് നിർമാണം പൂർത്തിയാക്കിയത്. ഇതോടെ തൃശൂർ കോളിലേക്കുള്ള അമിത നീരൊഴുക്കിന് ശമനമായി. പൂർത്തീകരിച്ച ബണ്ട് കാണാനും തൊഴിലാളികളെ അഭിനന്ദിക്കാനും മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും വൈകീട്ട് എട്ടുമുനയിലെത്തി. ബണ്ടും ബണ്ട് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശത്തെ വീടുകൾക്കുണ്ടായ നഷ്ടങ്ങളും മന്ത്രിമാർ പരിശോധിച്ചു. തെങ്ങിൻ തടിയും കവുങ്ങും മുളയും കയറും ഉപയോഗിച്ച് കുറ്റി നാട്ടി തടയിട്ട് അതിനിടയിൽ മണൽചാക്ക് നിറച്ചാണ് ബണ്ട് നിർമിച്ചത്. അതിരാവിലെ പുഴയിലിറങ്ങി കുറ്റി നാട്ടി തടയണ കെട്ടുന്ന തൊഴിലാളികൾക്കൊപ്പം മന്ത്രിയും ചേർന്നു. ബണ്ടിലേക്കുള്ള ആദ്യ മണൽചാക്കിടൽ അദ്ദേഹം നിർവഹിച്ചു. മണൽ നിറക്കാനുള്ള ചാക്ക്, ആവശ്യത്തിന് മണൽ, തടിയറുപ്പ് യന്ത്രം, കയർ, മുള, കവുങ്ങ് തുടങ്ങിയ നിർമാണ സാമഗ്രികൾ ഒരുക്കിയിരുന്നു. നേരത്തെ പുഴ ഗതിമാറിയൊഴുകിയ ആറാട്ടുപുഴയിലും ഇതേ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ബണ്ട് നിർമിച്ചത്. ചാക്കിൽ മണൽ നിറക്കാനും മണൽ ചാക്കുകൾ ബണ്ടിൽ എത്തിക്കാനും എക്സൈസ് അക്കാദമിയിലെ അമ്പതിലേറെ െട്രയിനികളും എട്ടുമുനയിലെത്തി. പി.കെ. ബിജു എം.പിയും സബ് കലക്ടർ ഡോ. രേണു രാജും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു. കുട്ടനാട്ടിൽനിന്നും എത്തിയ വിദഗ്ധരെ കലക്ടർ ടി.വി. അനുപമ ചേംബറിലേക്ക് ക്ഷണിച്ച് ആദരിച്ചു. ഒാണക്കോടി സമ്മാനിച്ചാണ് യാത്രയയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.