കുറാഞ്ചേരിയിലെ മണ്ണ്​ ഉടൻ നീക്കും -മന്ത്രി

വടക്കാഞ്ചേരി: മണ്ണിടിച്ചിലിൽ 19 പേർ മരിച്ച കുറാഞ്ചേരി പ്രദേശം മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും സന്ദർശിച്ചു. പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കലക്ടർ ടി.വി. അനുപമ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന് തലപ്പിള്ളി താലൂക്ക് ഒാഫിസിൽ യോഗം ചേർന്നു. റോഡരികിൽ കൂട്ടിയിട്ട മണ്ണ് കെ.എൽ.ഡി.സിക്കോ റോഡിന് പാർശ്വഭിത്തി കെട്ടി നിറക്കാനോ അടിയന്തരമായി നീക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ നിർദേശിച്ചു. പ്രദേശത്തെ മണ്ണ് മുഴുവൻ നീക്കണം. മഴ ദുരിതം സംബന്ധിച്ച താലൂക്കിലെ വിവിധ വിഷയങ്ങൾ യോഗം പരിശോധിച്ചു. ദുരന്ത ബാധിത പ്രദേശത്ത് സെൽഫിയെടുക്കാനുള്ള വഴിയാത്രക്കാരുടെ നീക്കം തടയാൻ പൊലീസിനെ സഹായിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്ത് വിൽക്കും. സ്കൂളുകളുടെയും കനാൽ പാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ എൽ.എസ്.ജി.ഡി എൻജിനീയർക്ക് നിർദേശം നൽകി. താലൂക്കിൽ മൂന്ന് മാസത്തേക്കുള്ള അരി കരുതലുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. മഴവെള്ളം കയറിയ വീടുകളുടെ വൈദ്യുതി സുരക്ഷ കെ.എസ്.ഇ.ബി സൗജന്യമായി പരിശോധിക്കുമെന്ന് എക്സി. എൻജിനീയർ പറഞ്ഞു. താലൂക്കിലെ വനമേഖലയിൽ 18 ഇടത്ത് കുന്നിടിഞ്ഞുവെന്ന വാർത്ത പരിശോധിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രദേശത്തെ ഭൂമിയുടെ ഘടന പഠിക്കാൻ ജിയോളജി വകുപ്പിനെ നിയോഗിക്കും. അവർ നൽകുന്ന വിവരങ്ങൾ പ്രദേശവാസികളുമായി പങ്കുവെക്കും. കിംവദന്തികൾക്ക് ചെവി കൊടുക്കരുതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ദുരിതാശ്വാസം, പുനർനിർമാണം തുടങ്ങിയവ സംബന്ധിച്ച് സർക്കാർ നൽകുന്ന അറിയിപ്പുകൾ മാത്രമെ മുഖവിലക്കെടുക്കാവൂ. തദ്ദേശ ഭരണസ്ഥാപനങ്ങൾ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങേണ്ടതില്ലെന്നും അത്തരം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറണമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.