ക്ഷേത്ര ഹാളിൽ പെരുന്നാൾ നമസ്​കാരം

മാള: കൊച്ചുകടവ് ജുമാമസ്ജിദ് വെള്ളത്തിലായതിനാൽ പെരുന്നാൾ നമസ്കാരം നടന്നത് ക്ഷേത്ര ഹാളിൽ. പള്ളിയിലേക്ക് ഇരച്ച് കയറിയ ചാലക്കുടിപ്പുഴയിലെ കലങ്ങി മറിഞ്ഞ വെള്ളം നീക്കം ചെയ്യാനാവാതെ പെരുന്നാൾ നമസ്കാരം മുടങ്ങുന്ന ഘട്ടമെത്തിയപ്പോഴാണ് ഹിന്ദു സഹോദരങ്ങൾ സാന്ത്വനവുമായെത്തിയത്. കുഴൂർ പഞ്ചായത്ത് എരവത്തൂർ പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രത്തോടനുബന്ധിച്ച എസ്.എൻ.ഡി.പി ഹാളാണ് നമസ്കാരത്തിനായി തുറന്ന് നൽകിയത്. ക്ഷേത്ര ഹാളിൽ തക്ബീർ ധ്വനികളും ബാങ്കും മുഴങ്ങി. ഇമാം ജംസീർ ദാരിമി പ്രഭാഷണം നടത്തി. നമസ്കാര ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തുമാണ് വിശ്വാസികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മടങ്ങിയത്. നമസ്കാരത്തിന് സൗകര്യമൊരുക്കാൻ എസ്.എൻ.ഡി.പി മാള യൂനിയൻ പ്രസിഡൻറ് പി.കെ. സാബു നേതൃത്വം നൽകി. ദുരിത ബാധിതർക്കായി ഈ ഹാളിൽ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.