വെയിൽ തെളിയു​േമ്പാൾ... റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി; വിനോദ സഞ്ചാരമേഖലകളിലേക്ക് പ്രവേശനമില്ല

തൃശൂർ: പ്രളയം തീർത്ത ദുരിതത്തിൽ നിന്നും ജില്ല ഉണർന്നു തുടങ്ങി. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം താറുമാറായിരുന്ന റോഡ് ഗതാഗതം ഏറക്കുറെ പുനഃസ്ഥാപിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് റോഡുകൾ തകർന്നത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ജില്ലയിലെ മുഴുവൻ റോഡുകളും ഏതാണ്ട് പൂർണമായി നശിച്ച നിലയിലാണ്. വ്യാഴാഴ്ച മുതൽ പലയിടത്തും അറ്റകുറ്റപ്പണി തുടങ്ങി. ഇത് അതിവേഗത്തിൽ പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. തൃശൂര്‍-ഗുരുവായൂര്‍ റെയിൽ പാതയിൽ ഗതാഗതം പുനരാരംഭിച്ചു. വീടുകളുടെ ശുചീകരണം പൂർത്തിയാക്കി ക്യാമ്പുകളിൽ നിന്നും പലരും വീടുകളിലേക്ക് മടങ്ങി. ഒരാഴ്ചയിലധികമായി അനക്കമറ്റിരുന്ന നഗരവും വ്യാപാര സ്ഥാപനങ്ങളും സജീവമായി. ഓണത്തിനെങ്കിലും വീട്ടിൽ ഭക്ഷണമൊരുക്കണമെന്ന നിലപാടിലാണ് കുടുംബങ്ങൾ. ഓണാവധിയായിരുന്നിട്ടും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും പ്രവേശനാനുമതിയായിട്ടില്ല. അതിരപ്പിള്ളി വാഴച്ചാല്‍, തുമ്പൂര്‍മുഴി, ചാര്‍പ്പ, മലക്കപ്പാറ തുടങ്ങിയ മേഖലകളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളാണ് ഇത്തരം മേഖലകളില്‍ ഭീഷണിയായി നിലനില്‍ക്കുന്നത്. പീച്ചി ഡാമിനോട് ചേർന്ന് പുത്തൂർ കുന്നിൽ വിള്ളൽ കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പട്ടിലുംകുഴി മേഖലയിലാണ് കുന്നില്‍ വിള്ളലും മണ്ണിടിച്ചിലും പ്രകടമായത്. ജില്ലയിലെ ഡാമുകളിലേക്കും സന്ദര്‍ശകരെ നിയന്ത്രിച്ചിട്ടുണ്ട്. പീച്ചി ഡാം അടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. പടിഞ്ഞാറന്‍ മേഖലയിലാണ് ഇനിയും റോഡ് ഗതാഗതം സാധാരണ നിലയിലേക്ക് എത്താനുള്ളത്. ചേര്‍പ്പ് - തൃപ്രയാര്‍, ചിറക്കല്‍, പള്ളിപ്പുറം, ആലപ്പാട്, മേഖലകളിലാണ് ഇപ്പോഴും വെള്ളക്കെട്ട് റോഡ് ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്നത്. ആറാട്ടുപുഴ ചെറിയപാലം, ഇല്ലിക്കല്‍ ബണ്ടുകളും പുനര്‍നിർമിച്ചതോടെ ഇരിങ്ങാലക്കുട, കണിമംഗലം, പാലക്കല്‍ മേഖലകളില്‍ റോഡ് ഗതാഗതം പുനരാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.