ചാലക്കുടി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പോട്ടയിലെ പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ ക്യാമ്പിലാണ് മുഖ്യമന്ത്രി എത്തിയത്. ചാലക്കുടി നഗരസഭയില്‍ ഏറ്റവും അധികം അംഗങ്ങളുള്ള ക്യാമ്പുകളിലൊന്നാണിത്. ക്യാമ്പുകളില്‍ ഉള്ളവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വൈകാതെ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെ അവിടെ താമസിക്കാമെന്നും അതിന് ശേഷം മറ്റ് ഹാളുകളിലേക്ക് മാറുന്നതിനെപ്പറ്റി ആലോചിക്കാമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, ഇന്നസെൻറ് എം.പി, ബി.ഡി. ദേവസി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ എന്നിവര്‍ എത്തിയിരുന്നു. പനമ്പിള്ളി കോളജിലെ കളിസ്ഥലത്ത് മുഖ്യമന്ത്രിയെയും വഹിച്ച് ഹെലികോപ്ടർ വ്യാഴാഴ്ച രാവിലെ 11.45നാണ് എത്തിയത്. തിരക്കിട്ട സന്ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12ന് തന്നെ തിരിച്ചുപോകുകയും ചെയ്തു. ചാലക്കുടിയിലെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കൂടി മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വേറെ ഒരിടത്തും പോയില്ല. മുഖ്യമന്ത്രിക്ക് പോകാനായി പനമ്പിള്ളി കോളജ് റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ രാവിലെ മുതല്‍ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.