ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം നടന്നു. വ്യാഴാഴ്ച രാവിലെ ശീവേലിക്ക് ശേഷമായിരുന്നു കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി ആദ്യകാഴ്ച്ചക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസും ഭരണസമിതി അംഗങ്ങളും കാഴ്ചക്കുല സമര്‍പ്പിച്ചു. ഗീതാഗോപി എം.എല്‍.എ, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഐ.ജി. എം.ആര്‍. അജിത്കുമാര്‍ എന്നിവരും കുല സമര്‍പ്പിക്കാനെത്തിയിരുന്നു. കൂടാതെ നൂറു കണക്കിന് ഭക്തര്‍ കുലകളുമായെത്തി. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട അടക്കുന്നതു വരെ കുല സമര്‍പ്പണം തുടര്‍ന്നു. വെള്ളിയാഴ്ചയും കുല സമര്‍പ്പണമുണ്ട്. ലഭിച്ച പഴക്കുലകളില്‍ ഒരുവിഹിതം ദേവസ്വത്തിെൻറ ആനകള്‍ക്കും ഒരു വിഹിതം തിരുവോണസദ്യക്ക് പഴപ്രഥമനായി നീക്കിവെക്കും. ബാക്കിവന്ന കുലകള്‍ ഭക്തര്‍ക്കായി ലേലംചെയ്തു. പ്രളയക്കെടുതി മൂലം കുറച്ചു ദിവസം ദര്‍ശനത്തിന് തിരക്ക് കുറവായിരുന്നെങ്കിലും വ്യാഴാഴ്ച വലിയ തിരക്കനുഭവപ്പെട്ടു. തിരുവോണദിവസം ക്ഷേത്രത്തില്‍ നടക്കുന്ന കാഴ്ച്ചശീവേലിക്ക് ദേവസ്വം വലിയ കേശവന്‍ തിടമ്പേറ്റും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ ഓണ സദ്യ നല്‍കും. അന്നലക്ഷ്മി ഹാളിനും അതിനോട് ചേര്‍ന്നുള്ള പന്തലിലും ക്ഷേത്രത്തിന് തെക്കുഭാഗത്തും സദ്യ വിളമ്പും. കാളന്‍, ഓലന്‍, എരിശ്ശേരി, അച്ചാര്‍, കായവറുത്തത്, പപ്പടം എന്നിവയും പഴപ്രഥമനുമാണ് സദ്യയുടെ വിഭവങ്ങള്‍. 15,000ഓളം പേര്‍ക്ക് സദ്യ ഒരുക്കുന്നുണ്ട്. തിരുവോണദിവസം ഭഗവാന് ഓണപ്പുടവ ചാര്‍ത്തുന്ന ചടങ്ങും നടക്കും. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമര്‍പ്പിക്കും. പുലര്‍ച്ചെ 4.30 മുതല്‍ ഉഷ പൂജവരെ ഭക്തജനങ്ങള്‍ക്ക് ഓണപ്പുടവ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.