കൊടുങ്ങല്ലൂർ: പ്രളയം തീർത്ത വേദനകളും സങ്കടങ്ങളും അടക്കിപ്പിടിച്ച മനുഷ്യരെ ഹൃദയത്തോട് ചേർത്തുപിടിച്ച് ബലി പെരുന്നാൾ ആഘോഷം. ദുരിതാശ്വാസ പ്രവർത്തനമായിരിക്കണം നമ്മുടെ പെരുന്നാൾ ആഘോഷമെന്ന് മതിലകം ഇമാം അബ്ദുസ്സലാം ഫൈസി പറഞ്ഞു. പുതിയകാവ് എ.എം.യു.പി സ്കൂളിൽ പെരുന്നാൾ ഇനങ്ങളും വ്യാഴാഴ്ച ഒാണസദ്യയുമായിരുന്നു ഭക്ഷണം. മതിലകം ക്യാമ്പിൽ പെരുന്നാൾദിനം നെയ്ച്ചോറും ഇറച്ചിയും ഉറപ്പാക്കാൻ മഹല്ല് ഒരു മാടിനെ തന്നെ ക്യാമ്പിലേക്ക് വാങ്ങി നൽകുകയായിരുന്നു. രാത്രി മട്ടനും പത്തിരിയുമാണ് വിളമ്പിയത്്. ഗാനമേളയും ഉണ്ടായിരുന്നു. ഇങ്ങനെ തന്നെയാണ് കാതിക്കോട് അൽ അഖ്സയിലും. പുതിയകാവ് തണൽ സാംസ്കാരിക വേദിയുടെ ക്യാമ്പിൽ പ്രദേശത്തെ പ്രവാസി യുവാക്കൾ മുൻകൈയെടുത്ത് പെരുന്നാൾ വസ്ത്രങ്ങളും ഒാണപ്പുടവയും നൽകി. കലാപരിപാടികളും ഉണ്ടായി. ടി.കെ.എസ് പുരം സാന്താമരിയ സ്കൂളും, സ്ത്രീ കൂട്ടായ്മയും, മറ്റുള്ളവരും സംയുക്തമായി നടത്തിയ ദുരിതാശ്വാസ ക്യാമ്പിെൻറ പിരിച്ചുവിടൽ വികാരഭരിതമായി. ഇവിടെ കന്യാസ്ത്രീകളും, ദുരിതബാധിതരുമെല്ലാം ചേർന്ന് മൈലാഞ്ചിയിട്ടു. നെയ്ച്ചോറും, ഒാണസദ്യയും, പാട്ടും സ്നേഹാദരങ്ങളുമെല്ലാമായാണ് ഇവിടെ നിന്ന് ദുരിതബാധിതരെ യാത്രയാക്കിയത്. എസ്.എൻ പുരം ക്യാമ്പും വ്യത്യസ്തമായിരുന്നില്ല. ഇവിടെ കലാപരിപാടികൾ ആസ്വദിക്കാൻ മന്ത്രിമാരായ എ.സി. മൊയ്തീനും, വി.എസ്. സുനിൽകുമാറും എത്തി. പെരുന്നാൾ നമസ്കാരം പള്ളികൾ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം ഉറപ്പാക്കാൻ മിക്ക മസ്ജിദുകളിലും ആഹ്വാനമുണ്ടായിരുന്നു. ഇതനുസരിച്ച് സമാഹരണവും നടന്നു. പെരുന്നാൾ ദിനത്തിലും വീട് ശുചീകരണത്തിനിറങ്ങിയ യുവാക്കളുടെ സംഘം ഏറെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.