ജില്ല മുങ്ങി, നിവരുന്നു...

തൃശൂർ: ജില്ല പതുക്കെ ജീവിതം തിരിച്ചു പിടിച്ചു തുടങ്ങി. ആശങ്ക തുടരുന്ന പ്രദേശങ്ങളിലും പ്രതീക്ഷയുടെ തുരുത്തുകൾ രൂപപ്പെട്ടിട്ടുണ്ട്. ഭരണകൂട സംവിധാനം മാത്രമല്ല, പ്രളയത്തിൽനിന്ന് രക്ഷപ്പെെട്ടത്തിയവർപോലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതി​െൻറ ശുഭ വാർത്തകളും വരുന്നു. മഴയൊഴിഞ്ഞ മാനം പോലെ, കാര്യങ്ങൾ ക്രമേണ തെളിഞ്ഞു വരികയാണ്. അന്നമനട, കുഴൂർ, പൂവത്തുശ്ശേരി, കൊച്ചുകടവ്, കുണ്ടൂർ, കൊടുങ്ങല്ലൂർ, ആറാട്ടുപുഴ എന്നിവിടങ്ങളാണ് ഇപ്പോഴും വെള്ളക്കെട്ടിലുള്ളത്. ഇവിടെ സർവ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം സജീവമാണ്. കടൽ ഇറങ്ങിയിട്ടും അതിനൊത്ത് വെള്ളം ഇറങ്ങാത്തതി​െൻറ വേവലാതി കൊടുങ്ങല്ലൂർ മേഖലയിലുണ്ട്. ചാലക്കുടിയിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ചാലക്കുടി പുഴയുടെ തെക്കുഭാഗത്ത്‌ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ 500 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഞായറാഴ്ച ഊര്‍ജിതമാക്കി. പുഴ ഗതിമാറി ഒഴുകി നശിച്ച റോഡ്‌ അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്‌ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോൾ നിലങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളില്‍ തകരാറിലായ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പുനഃക്രമീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊലീസ്‌, ഫയര്‍ഫോഴ്‌സ്‌, റസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ്‌ വാഹനങ്ങള്‍ക്ക്‌ ആവശ്യത്തിന് ഡീസല്‍ നല്‍കി. പൈപ്പ്‌ തകരാറിലായതിനെ തുടര്‍ന്ന്‌ കുടിവെള്ള വിതരണം മുടങ്ങിയ ജില്ല ആശുപത്രിയിലേക്ക്‌ കലക്ടറേറ്റില്‍നിന്നും കുടിവെള്ളം നൽകി. ജില്ലയിൽനിന്നുള്ള പ്രധാന പാതകളിലെല്ലാം ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂരിൽനിന്ന് കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ-പറവൂർ പാതകളിലാണ് ഇപ്പോഴും ഗതാഗതം ഇല്ലാത്തത്. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. അഴീക്കോട്-മുനമ്പം ജലപാതയും തുറന്നിട്ടില്ല. ഞായറാഴ്ച എട്ടു മരണ വാർത്തകൾകൂടിയെത്തി. കയ്പമംഗലത്തും ചേർപ്പിലും ഒരാൾ വീതം മരിച്ചു. വടക്കാഞ്ചേരി കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരിച്ച സുമിതയുടെ മൃതദേഹം കണ്ടെത്തി. മാളയിൽ രക്ഷാപ്രവർത്തനത്തിനിടയിലും വീട്ടിൽ വെള്ളക്കെട്ടിൽ അകപ്പെട്ടും ദുരിതാശ്വാസ ക്യാമ്പിൽ കഴിയവേ രോഗം ബാധിച്ചും നാലു പേർ മരിച്ചു. മുപ്ലിയത്ത് ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.