കരകയറി കൊടകര

കൊടകര: പേമാരിയില്‍ ഒറ്റപ്പെട്ട കൊടകര, മറ്റത്തൂര്‍ പ്രദേശങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ബസ് സര്‍വിസുകള്‍ പുനരാരാംഭിക്കാത്തതും ഇന്ധന ക്ഷാമവുമാണ് ഇപ്പോള്‍ ജനങ്ങളെ വലക്കുന്നത്. കുഴിക്കാണി തോട്, കൊടകര തോട് എന്നിവ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് കൊടകര പഞ്ചായത്തിലെ കുഴിക്കാണി, ഒരുറോഡ്, പരിപ്പിന്‍പാലം പരിസരം, കാവില്‍പാടം, മരത്തോമ്പിള്ളി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായത്. മലയോരത്തെ വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയാണ് മറ്റത്തൂരി​െൻറ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട രണ്ടായിരത്തഞ്ഞൂറോളം പേരാണ് കൊടകര പഞ്ചായത്തില്‍ പത്തു ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിഞ്ഞുകൂടുന്നത്. കൊടകരയിലെ എല്‍.പി, ഹയര്‍സെക്കൻഡറി, ബോയ്‌സ് ഹൈസ്‌കൂള്‍, ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍, മനക്കുളങ്ങര സ്‌കൂള്‍, കാരൂര്‍ ക്ഷേത്രം ഹാള്‍, പേരാമ്പ്ര സ​െൻറ് ആൻറണീസ് സ്‌കൂള്‍, കനകമല പാരിഷ്ഹാള്‍, അഴകം ക്ഷേത്രം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദനടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും മുഴുവന്‍ സമയവും സജീവമായി രംഗത്തുണ്ട്. മലയോര പഞ്ചായത്തായ മറ്റത്തൂരില്‍ വെള്ളിക്കുളങ്ങര, മറ്റത്തൂര്‍ വില്ലേജുകളിലായി പതിമൂന്നോളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. കടമ്പോട് എ.എല്‍.പി സ്‌കൂള്‍, മോനൊടി ഗ്രാമമന്ദിരം, വെള്ളിക്കുളങ്ങര സര്‍ക്കാര്‍ സ്‌കൂള്‍, ആനപ്പാന്തം ആദിവാസി കോളനി, മുരുക്കുങ്ങല്‍ ഗ്രാമമന്ദിരം, കോടാലി സകൂള്‍, അന്നാംപാടം ഫോറസ്റ്റ് ഓഫിസ്, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍, മറ്റത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍, ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, വാസുപുരം പാരിഷ് ഹാള്‍, മറ്റത്തൂര്‍ പാരിഷ്് ഹാള്‍, മൂലം എസ്.എന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തോളം പേരാണുള്ളത്. വെള്ളം ഇറങ്ങിയതോടെ പല കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. കൊടകര -വെള്ളിക്കുളങ്ങര റോഡില്‍ ചേലക്കാട്ടുകരയിലും കുഴിക്കാണിയിലും വെള്ളം കയറിയതോടെയാണ് മൂന്നുദിവസത്തോളം മറ്റത്തൂര്‍ പഞ്ചായത്ത് ഒറ്റപ്പെട്ടുപോയത്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങളും പൂര്‍ണമായും നിലച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ബി.എസ്.എന്‍.എല്‍ അടക്കമുള്ള മൊബൈല്‍ കമ്പനികളുടെ സേവനം ഇനിയും പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. മഴ ഉണ്ടായില്ലെങ്കില്‍ രണ്ടുദിവസത്തിനകം വീടുകളിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് മിക്ക കുടുംബങ്ങളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.