തൃശൂർ: ചരിത്രത്തിൽ അനുഭവിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തമാണ് ചാലക്കുടി നേരിടുന്നത്. *മഴയും ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്കവും പ്രദേശത്ത് കനത്ത നാശം വിതച്ചു. *വ്യാഴാഴ്ച രാവിലെ മുതൽ സൗത്ത് ജങ്ഷനിൽ വീടുകളിലും അപകടകരമായ രീതിയിൽ വെള്ളം ഉയർന്നു. * ജനം ഭീതിയോടെ ക്യാമ്പുകളിലേക്കും മറ്റും ഒഴിയുകയാണ്. * തുമ്പൂർമുഴി ഫാമിനു സമീപത്ത് മലവെള്ളപ്പാച്ചിലിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവിടെ വെറ്ററിനറി സർവകലാശാലയുടെ ഫാമിലെ കന്നുകാലികളും വാഹനങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. കെട്ടിടങ്ങൾ തകർന്നു. *വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ മേലൂർ, അതിരപ്പിള്ളി, പരിയാരം, കാടുകുറ്റി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. 60ൽ പരം റോഡുകൾ മുങ്ങി. *വ്യാഴാഴ്ച രാവിലെ തുടങ്ങിയ ജലപ്രവാഹം ഉച്ചയായിട്ടും നിലക്കാത്തത് ആശങ്കക്ക് ഇടയാക്കി. *പുഴ നിറഞ്ഞുകവിഞ്ഞ് ഒഴുകുന്നതിനാൽ ചാലക്കുടി പാലത്തിൽ ഗതാഗതം നിയന്ത്രിച്ചു. പാലം അപകടത്തിലാണെന്ന ആശങ്കയുമുണ്ട്. *പുഴയിലെ കുത്തൊഴുക്ക് പ്രഹരമേൽപിക്കുന്ന പാലത്തിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിൽ ഒരു വാഹനവും വിടുന്നില്ല. പഴയ പാലത്തിലൂടെയാണ് കെ.എസ്.ആർ.ടി.സി ബസും അത്യാവശ്യത്തിന് ചെറിയ വാഹനങ്ങളും വിടുന്നത്. ഭാരവാഹനങ്ങൾ പാടെ തടഞ്ഞു. *ചാലക്കുടി മാർക്കറ്റിലും ബസ് സ്റ്റാൻഡിലും അനിയന്ത്രിതമായി വെള്ളം കയറി. ടൗണിലും മാർക്കറ്റിലും കടകൾ അടച്ചിട്ടു, ഗതാഗതം നിലച്ചു. താലൂക്ക് ആശുപത്രിയിലേക്ക് വെള്ളം ഇരച്ചു കയറി. കെ.എസ്.ആർ.ടി.സി, കോൺവൻറ്, റെയിൽവേ സ്റ്റേഷൻ റോഡുകൾ വെള്ളത്തിൽ മുങ്ങി. അട്ടാത്തോട് നിറഞ്ഞു കവിഞ്ഞതിനാൽ ട്രാംവേ റോഡിൽ ബസ് സർവിസ് നിലച്ചു. പഴയ ദേശീയപാതയിൽ പോട്ട-ഇടിക്കൂട് പാലത്തിനു സമീപത്ത് വെള്ളമാണ്. ഇത് ഗതാഗതം നിലക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.