നാട്ടാനകളുടെ ഡി.എൻ.എ കണ്ടെത്താൻ 'പിണ്ട' പരിശോധന

തൃശൂർ: ആനകളുടെ വിശദാംശങ്ങൾ ഡിജിറ്റിലായി സൂക്ഷിക്കുന്നതി​െൻറ ഭാഗമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക്സ് ചിപ്പിലും തട്ടിപ്പ്. നാട്ടാനകളുടെ ഡി.എൻ.എ കണ്ടെത്താൻ വനംവകുപ്പ് 'പിണ്ട'പരിശോധന നടത്തുന്നു. ചെരിഞ്ഞ ആനകളുടെ ചിപ്പിലെ വിവരങ്ങൾ പോലും നിലവിലെ ആനകളുടെ ചിപ്പിലൂടെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡി.എൻ.എ കണ്ടെത്താൻ പിണ്ടം പരിശോധനക്കുള്ള തീരുമാനം. ചെരിയുന്ന നാട്ടാനകളുടെ മൈക്രോ ചിപ്പ് ഉടമാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകള്‍ക്ക് ഉപയോഗിക്കുണ്ടെന്നാണ് വനംവകുപ്പ് വിജിലന്‍സിന് ലഭിച്ച വിവരം. ഇതോടെ മുഴുവന്‍ ആനകളുടെയും ഡി.എൻ.എ കണ്ടെത്താന്‍ സി.സി.എഫ് ഉത്തരവിടുകയായിരുന്നു. മദപ്പാടടക്കമുള്ള സ്വഭാവ സവിശേഷതകളും മറ്റ് വിശദാംശങ്ങളും അറിയാൻ സഹായിക്കുന്ന ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിക്കാൻ 2007ലാണ് തീരുമാനിച്ചത്. 2010ൽ 702 നാട്ടാനകൾക്ക് ചിപ്പ് ഘടിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു ആനയുടെ ചിപ്പ് പരിശോധിച്ചപ്പോൾ മുമ്പ് ചെരിഞ്ഞ ആന‍യുടെ ചിപ്പിലെ വിശദാംശങ്ങളാണ് കിട്ടിയത്. ഇതോടെ കൂടുതൽ അന്വേഷണം നടത്തി. അത്ര പ്രശസ്തിയില്ലാത്ത ആനകള്‍ ചെരിഞ്ഞാല്‍ മൈക്രോചിപ്പ് നശിപ്പിക്കാതെ ഉടമാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകള്‍ക്ക് പിടിപ്പിക്കുകയാണെന്നാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം സ്വദേശിയായ ഒരു ആനയുടമ ഈ സംഭവത്തിൽ നിരീക്ഷണത്തിലാണ്. അന്വേഷണത്തി​െൻറ ഭാഗമായി കോട്ടയം ജില്ലയിൽ മദപ്പാടില്‍ നില്‍ക്കുന്ന പാമ്പാടി രാജന്‍, നെടുംകുന്നം ഗണപതി എന്നീ ആനകളുടെ പിണ്ടം തിങ്കളാഴ്ച ശേഖരിച്ചു. മദപ്പാടിലുള്ള ആനകളുടെ രക്തമെടുക്കുന്നതിലെ പ്രയാസമാണ് പിണ്ടം പരിശോധിക്കാൻ കാരണം. പിണ്ടത്തിലൂടെയും ആനകളുടെ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് ചിപ്പ് കൈമാറ്റത്തിലൂടെ നടക്കുന്നതത്രെ. ആനകൾ െചരിയുന്നത് വനംവകുപ്പ് കൃത്യമായി അറിയുകയും രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും നടക്കുന്നില്ല. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ഉടമകൾക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. കേരളത്തിലെ മുഴുവന്‍ നാട്ടാനകളുടെയും ഡി.എന്‍.എ ശേഖരിച്ച് പുതിയ രജിസ്റ്റർ തയാറാക്കാനാണ് വനംവകുപ്പി​െൻറ തീരുമാനം. ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കി നാട്ടാനകളുടെ ഡി.എൻ.എ രജിസ്റ്റർ തയാറാക്കുമെന്ന് അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.