കരാര്‍ കമ്പനിക്ക് കുലുക്കമില്ല; അടിപ്പാത നിർമാണത്തിലെ അനാസ്ഥ തുടരുന്നു

ചാലക്കുടി: മുനിസിപ്പല്‍ ജങ്ഷനില്‍ അടിപ്പാത നിർമാണ സ്ഥലത്തെ ദേശീയപാത അപകടാവസ്ഥയിലായിട്ടും പണി ആരംഭിക്കാതെ കരാര്‍ കമ്പനി ജനങ്ങളെ വെല്ലുവിളിക്കുന്നു. റോഡ് അപകടക്കെണിയാക്കും വിധം വന്‍ഗര്‍ത്തം ഉണ്ടായി നാല് മാസം കഴിഞ്ഞിട്ടും അടിപ്പാത നിർമാണം പൂർത്തിയാക്കാൻ കമ്പനിയുടെ ഭാഗത്ത് നിന്ന് നീക്കമില്ല. 250 ദിവസത്തിനകം അടിപ്പാതയുടെ നിർമാണം പൂര്‍ത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണം ആരംഭിച്ചത്. കമ്പനിയുടെ ഉപ കരാറുകാര്‍ക്ക് പണം നല്‍കാത്തതാണ് പണി മുടങ്ങാൻ കാരണമായി ആദ്യം പറഞ്ഞത്. മഴ അടുത്ത കാരണമായി. ഇപ്പോള്‍ പാലത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കും വരെ പണി വൈകുമെന്നാണ് വിശദീകരണം. എപ്പോള്‍ അംഗീകരിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ ക്ഷോഭിക്കുകയാണ്. ചാലക്കുടി മേഖലയിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 25നാണ് മുനിസിപ്പല്‍ ജങ്ഷനില്‍ അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. ഏതാനും ദിവസങ്ങള്‍ മാത്രം മണ്ണുമാന്തി ഉപയോഗിച്ച് ചില പണികള്‍ മാത്രം നടന്നു. ദേശീയപാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ കുറച്ചു ദൂരം തകരഷീറ്റുകള്‍ മറച്ച് നിർമാണത്തിനായി വലിയ ഗര്‍ത്തം കുഴിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സര്‍വിസ് റോഡ് പൂർണമായും പ്രധാനപാതയുടെ തൃശൂര്‍ ട്രാക്കി​െൻറ ഒരു ഭാഗവും അടച്ചുകെട്ടി. വാഹനങ്ങൾ വളരെ പതുക്കെയാണ് ഇതിലെ കടന്നുപോകുന്നത്. വെള്ളം കെട്ടി മണ്ണിടിഞ്ഞതോടെ വൻ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് ദിവസം ഗതാഗതം പാടെ സ്തംഭിച്ചു. പിന്നീട് മീഡിയന്‍ ഇടിച്ച് റോഡ് വീതി കൂട്ടിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. രാത്രിയില്‍ ഇവിടെ തെന്നി മറിയാന്‍ സാധ്യതയേറെയാണ്. പണികള്‍ അനിശ്ചിതമായി നീളുന്നത് വന്‍ദുരന്തങ്ങള്‍ക്ക് കാരണമാവുമോയെന്ന ആശങ്കയുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയില്‍നിന്ന് കോടികള്‍ ടോള്‍പിരിച്ചിട്ടും കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും നിരന്തര അഭ്യര്‍ഥനകളും പ്രതിഷേധങ്ങളും ടോള്‍കമ്പനിക്കാരുടെ അനങ്ങാപ്പാറ നയത്തിന് മുന്നില്‍ പാഴാകുകയാണ്. ചിത്രം: അടിപ്പാത നിർമാണത്തെ തുടര്‍ന്ന് റോഡ് അപകടകരമായി മാറിയ നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.