കാലവര്‍ഷക്കെടുതി: ദുരിതാശ്വാസത്തിന് അപേക്ഷ പ്രവാഹം

ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതിയിലുണ്ടായ നഷ്്ടത്തിന് ധനസഹായത്തിനായി വില്ലേജ് ഓഫിസുകളില്‍ അപേക്ഷകരുടെ തിരക്ക്. സര്‍ക്കാറി​െൻറ ചില ചട്ടങ്ങൾ മൂലം മുഴുവന്‍ അപേക്ഷകളിലും നടപടിയെടുക്കാനാകാത്ത അവസ്ഥയിലാണ് വില്ലേജ് ഓഫിസര്‍മാര്‍. കാലവര്‍ഷത്താല്‍ ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബത്തിന് ആയിരം രൂപ ധനസഹായം നല്‍കാനാണ് ജില്ല ഭരണകൂടത്തി​െൻറ നിലവിലെ തീരുമാനം. ഇത്തരക്കാരുടെ ലിസ്റ്റ് ജില്ല കലക്ടര്‍ക്ക് താലൂക്ക് ഓഫിസില്‍ നിന്നും കൈമാറിയിട്ടുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാതെ വെള്ളപ്പൊക്കത്താല്‍ വീടുവിട്ട് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവരിലേറെയും. ഇത്തരക്കാരുടെ അപേക്ഷയില്‍ നടപടിയെടുക്കാന്‍ നിലവില്‍ നിര്‍ദേശമൊന്നുമില്ലെന്ന് വില്ലേജ് ഓഫിസര്‍മാര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയാറാണെന്നും വില്ലേജ് ഓഫിസര്‍മാര്‍ പറഞ്ഞു. കാലവര്‍ഷത്താല്‍ ദുരിതത്തിലായ മുഴുവന്‍ കുടുംബങ്ങളും ക്യാമ്പിലെത്തിയിരുന്നില്ല. ഇത്തരക്കാര്‍ താമസംമാറിയിരുന്നെന്നത് ശരിയാണ്. തൊഴിലുപകരണങ്ങളും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ട നിരവധിപേര്‍ അപേക്ഷയുമായി എത്തുന്നതായി വില്ലേജ് ഓഫിസർമാർ പറഞ്ഞു. കാറളം വില്ലേജ് ഓഫിസില്‍ ഇത്തരത്തില്‍ മുന്നൂറിലധികം അപേക്ഷകളും മനവലശ്ശേരി വില്ലേജില്‍ അറുപത് അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഈ വില്ലേജുകളിലെ നാലു ദുരിതാശ്വാസക്യാമ്പുകളില്‍ 64 കുടുംബങ്ങളില്‍ നിന്നുമായി 203 അംഗങ്ങള്‍ താമസിച്ചിരുന്നു. ഇവര്‍ക്കുപുറമെ സര്‍ക്കാര്‍ ക്യാമ്പിലേക്കല്ലാതെ വെള്ളപ്പൊക്കത്താല്‍ താമസം മാറിയവര്‍ക്കും തൊഴിലുപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടവര്‍ക്കും സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. സഹായത്തിനായി തിരിച്ചറിയല്‍ രേഖകളും റേഷന്‍കാര്‍ഡും ബാങ്ക് പാസ്ബുക്കും ഉൾപ്പെടെ രേഖകളുടെ പകര്‍പ്പും അപേക്ഷകര്‍ ഹാജരാക്കുന്നുണ്ട്. പൊറത്തിശ്ശേരി, മാടായിക്കോണം വില്ലേജുകളിലും സമാനരീതിയില്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. നാല് ദുരിതാശ്വാസക്യാമ്പുകളിലായി 83 കുടുംബങ്ങളാണ് മേഖലയിലുണ്ടായിരുന്നത്. 48 കുടുംബങ്ങളില്‍ നിന്ന് 102 പേര്‍ ക്യാമ്പിലുണ്ടായിരുന്ന എടതിരിഞ്ഞി വില്ലേജിലും സ്ഥിതി വ്യത്യസ്തമല്ല. കാട്ടൂര്‍ മേഖലയില്‍ 51 കുടുംബങ്ങളാണ് രണ്ട് ദുരിതാശ്വാസക്യാമ്പുകളിലായി താമസിച്ചിരുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകള്‍ പലതും വെള്ളം മാറിയപ്പോള്‍ താമസയോഗ്യമല്ലാതായതായി അപേക്ഷകര്‍ പരാതിപ്പെടുന്നു. അപകടഭീഷണിയിലാണ് വീടുകളില്‍ പലതും. ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബങ്ങളെന്ന നിബന്ധന ഒഴിവാക്കി വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ധനസഹായവും സൗജന്യറേഷനും അനുവദിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്മ​െൻറ് സ്റ്റാഫ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.