ദേശീയപാത വികസനം: നീതിരഹിതമായ ഭൂമിയേറ്റെടുക്കലിനെതിരെ ജനരോഷം

കൊടുങ്ങല്ലൂർ: ദേശീയപാത 66 വികസനത്തി​െൻറ പേരിൽ നടക്കുന്ന നീതിരഹിതവും അന്യായവുമായ ഭൂമി ഏറ്റെടുക്കലിനെതിരെ മതിലകത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ജനരോഷം. ദേശീയപാത അലൈൻമ​െൻറ് പരിധിയിൽ മതിലകത്ത് ഭൂമി വിട്ടു കൊടുക്കേണ്ടി വരുന്നവരാണ് എൻ.എച്ച്66 ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തിയത്. ജനങ്ങളെ തെരുവിലിറക്കുന്നതിനെതിരായ രോഷവും വേദനയും പ്രകടമായ മാർച്ചിൽ ഭൂമിയും വീടും കടകളും മറ്റും നഷ്ടപ്പെടുന്ന സ്ത്രീകളും പ്രായമായവരും യുവാക്കളുമെല്ലാം അണിനിരന്നു. പാപ്പനിവട്ടം, കൂളിമുട്ടം വില്ലേജുകളിൽ വരുന്ന 210 ലേറെ സ്ഥല ഉടമകളാണ് ആശങ്കയിൽ കഴിയുന്നത്. ഹിയറിങ്ങിൽ നൽകിയ പരാതിക്ക് പുല്ലുവില പോലും കൽപ്പിക്കാതെ ഏകപക്ഷീയമായി സ്ഥലമെടുപ്പ് നടപടി തുടങ്ങിയതിനെതിരായ ശക്തമായ പ്രതിഷേധവും സമരക്കാർ ഉയർത്തി. പുനരധിവാസവും നഷ്ടപരിഹാരവും വില നിർണയവും മറ്റും സംബന്ധിച്ച് ഒരു ഉറപ്പും നൽകാതെ പൊലീസിനെ ഉപയോഗിച്ച് തോന്നിയതുപോലെ ഭൂമി ഏറ്റെടുക്കാൻ മുന്നോട്ട് വന്ന അധികാരികൾ ഇരകളെ വഞ്ചിക്കുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഹിയറിങ് പ്രഹസനമാണെന്നതിന് തെളിവാണ് ജൂലൈ 31 ഹിയറിങ് അവസാനിച്ചയുടൻ സർവേ ആരംഭിച്ചതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. കുടിയൊഴിപ്പിക്കൽ പരമാവധി കുറച്ച് ടോൾ പിരിവ് ഇല്ലാത്തതും പൊതു ഖജനാവ് ധൂർത്തടിക്കാത്തതുമായ ദേശീയ പാത നിർമിക്കണമെന്നും 3 എ വിജ്ഞാപനം റദ്ദാക്കാൻ പഞ്ചായത്ത് ഇടപെടണമെന്നും സമരക്കാർ പഞ്ചായത്തിന് നൽകിയ നിവേദനത്തിൽ അപേക്ഷിച്ചു. ഭൂസർവേ നിർത്തിവെക്കുക, മുൻകൂട്ടി വില നിശ്ചയിക്കുക, മതിലകം ബൈപാസ് ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും സമരക്കാർ ഉയർത്തി. പഞ്ചായത്ത് അതിർത്തിയായ പുളിഞ്ചോട്ടിൽനിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഒാഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടന്ന് നടന്ന ധർണ ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ സി.കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. റഫീക്ക് വൈപ്പിപാടത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഒ.എ. ജെൻട്രിൻ, പി.എം. ഉസ്മാൻ (വെൽെഫയർ പാർട്ടി), എൻ.ഡി. വേണു (സി.പി.എം.എൽ. റെഡ്ഫ്ലാഗ്), പി.എ. കുട്ടപ്പൻ, എം.കെ.ഹബീബ് (ആം ആദ്മി പാർട്ടി) എന്നിവർ സംസാരിച്ചു. കെ.കെ. ഷാജഹാൻ സ്വാഗതവും അഷറഫ് പുളിക്കനാട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.