തൃശൂർ: വിവാദങ്ങളിലൂടെ നീങ്ങുന്ന ലളിതകല അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സർക്കാറിന് അതൃപ്തി. അക്കാദമിയുടെ പ്രവർത്തനത്തിന് അനുവദിച്ച തുകയിൽ നിന്നും 1.66 കോടി സർക്കാർ തിരിച്ചെടുത്തു. അക്കാദമിക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണം, ഭരണനിർവഹണത്തിലെ പിടിപ്പുകേട്, സമീപകാല വിവാദങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി അതൃപ്തിയറിയിച്ചാണ് സാംസ്കാരിക വകുപ്പ് തുക തിരിച്ചെടുക്കുന്നത് അറിയിച്ചത്. പ്ലാൻ ഫണ്ടിനത്തിൽ 4.07 കോടിയും നോൺ പ്ലാൻ ഫണ്ടിനത്തിൽ 1.8 കോടിയുമാണ് സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 10 കോടിയിലധികമാണ് അക്കാദമിക്ക് ലഭിച്ചത്. ചിത്രകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക, പ്രദർശനങ്ങളും പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് അക്കാദമിയുടെ പ്രവർത്തനം. ഇതോടൊപ്പം ചിത്രകല, സാമൂഹിക പ്രതിബദ്ധത പരിപാടികളും ഏറ്റെടുക്കാം. ദിനേനയെന്നോണം നിരവധി പരിപാടികളാണ് അക്കാദമിയുടെ പേരിൽ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പേരിൽ തുക കൈപ്പറ്റുകയും പരിപാടി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കണക്ക് അവസാനിപ്പിക്കാത്തതും നേരത്തെ ഉത്തരവാദപ്പെട്ടവർ തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു. 2018-19 സാമ്പത്തിക വർഷം അനുവദിച്ച തുകയിൽ നിന്നും 1.66 കോടി സർക്കാർ തിരിച്ചെടുത്തതായി ആലപ്പുഴ സ്വദേശി എ. സോമകുമാറിന് നൽകിയ വിവരാവകാശ മറുപടിയിലാണ് അക്കാദമി വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.