അതിരപ്പിള്ളിയില്‍ വെള്ളം ഉയര്‍ന്നു; വിനോദസഞ്ചാര കേന്ദ്രം അടച്ചു

അതിരപ്പിള്ളി: വനമേഖലയിൽ തുടരുന്ന കനത്ത മഴയില്‍ ചാലക്കുടിപ്പുഴയില്‍ അപകടകരമായി വെള്ളം ഉയര്‍ന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു. തുമ്പൂര്‍മുഴിയിലെ കുട്ടികളുടെ പാര്‍ക്കിലേക്ക് വെള്ളം ഇരച്ചു കയറിയതിനെ തുടര്‍ന്ന് ഗാര്‍ഡനും അടച്ചു. ചാര്‍പ്പ വെള്ളച്ചാട്ടം റോഡിലേക്ക് കുതിച്ചു ചാടിയത് സഞ്ചാരികള്‍ക്ക് ഭീഷണി ഉയര്‍ത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങിയതോടെ പുഴയില്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുകയായിരുന്നു. മലമുകളില്‍നിന്ന് വൻതോതില്‍ വെള്ളം ഒഴുകിയതും പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകളുടെ ഷട്ടറുകൾ തുറന്നതും ചാലക്കുടിപ്പുഴയിൽ വെള്ളത്തി​െൻറ ഒഴുക്ക് വർധിപ്പിച്ചു. ആദ്യമായാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അടക്കുന്നത്. കണ്ണംകുഴിപ്പാലത്തിന് സമീപം തോട് കവിഞ്ഞ് റോഡിലേക്ക് വെള്ളമെത്തി. കണ്ണന്‍കുഴിയിലും ചാര്‍പ്പയിലും മലമുകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടാതെ പരിയാരം, മേലൂര്‍ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. ചൊവ്വാഴ്ച രാവിലെ 10 കഴിഞ്ഞതോടെയാണ് മലവെള്ളപ്പാച്ചിലി​െൻറ സൂചനകള്‍ കണ്ടത്. 54.7 മി.മീ. മഴയാണ് തിങ്കളാഴ്ച മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച അത് ഉയര്‍ന്നു. ഷോളയാര്‍ അര അടിയോളം ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. ഇേതത്തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമി​െൻറ നാല് ഷട്ടറുകള്‍ 59 അടിയോളം തുറന്നു. ഇതോടെ വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടം വന്യഭാവത്തിലായി. വാഴച്ചാലില്‍ വെള്ളം ഉയര്‍ന്നുപൊങ്ങി. അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം അതിശക്തമായി. യാത്രക്കാരെ നിയന്ത്രിക്കാന്‍ വനസംരക്ഷണസമിതി കാവല്‍നില്‍ക്കാറുള്ള ഷെഡ്ഡിലേക്കും മുളവേലിയിലേക്കും വെള്ളം കയറി. ഇട്ട്യാനി ഭാഗത്ത് റോഡില്‍ വെള്ളം കെട്ടി. ഇേതത്തുടര്‍ന്ന് ആനമല റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കണ്ണന്‍കുഴി പാലത്തിലേക്കും വെള്ളം പൊങ്ങി. കണ്ണന്‍കുഴിയിലും ചാര്‍പ്പയിലും ഉരുൾപൊട്ടലിന് സമാനമായി മലമുകളില്‍നിന്ന് വെള്ളവും ചെളിയും കല്ലും റോഡിലേക്ക് വന്നതോടെ വനംവകുപ്പ് അതിരപ്പിള്ളി റോഡിലെ ഗതാഗതം നിയന്ത്രിച്ചു. പരിയാരത്ത് കപ്പത്തോടി​െൻറ വശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി. കപ്പത്തോടിന് സമീപത്തെ ഹോട്ടലിന് സമീപവും വെള്ളമെത്തി. അതിരപ്പിള്ളി, പരിയാരം മേഖലയില്‍ പുഴയോരത്ത് നിർമിച്ച റിസോര്‍ട്ടുകളിലേക്കും വെള്ളം കയറി. ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചാര്‍പ്പ പാലം ഭാഗികമായി തകര്‍ന്നു; ഗതാഗതം നിരോധിച്ചു അതിരപ്പിള്ളി: അതിരപ്പിള്ളി വനമേഖലയിലെ അതിശക്തമായ വെള്ളപ്പാച്ചിലില്‍ ചാര്‍പ്പ പാലം ഭാഗികമായി തകര്‍ന്നു. ഇതോടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ ആശങ്കയുയർന്നു. സമാന്തരമായി രണ്ട് പാലങ്ങളാണ് ചാര്‍പ്പയിലുള്ളത്. പഴയ പാലവും പുതിയ പാലവും. ഇതില്‍ പഴയ പാലം ചൊവ്വാഴ്ചയുണ്ടായ വെള്ളത്തി​െൻറ കുത്തൊഴുക്കില്‍ ഭാഗികമായി തകരുകയായിരുന്നു. പുതിയ പാലത്തി​െൻറ ഇരുവശത്തും രൂക്ഷമായ വെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് അപകടകരമായി നില്‍ക്കുകയാണ്. പാലങ്ങള്‍ രണ്ടും തകര്‍ന്നതായാണ് പ്രഥമികനിഗമനം. ഇതുവഴി ഗതാഗതം നിരോധിച്ചതോടെ ഇരു മേഖലകളും ഒറ്റപ്പെട്ടു. ഇതിനിടെ, പെരിങ്ങല്‍കുത്ത് പവര്‍സ്റ്റേഷനില്‍ അപകടത്തിൽപെട്ടയാളെ ചാലക്കുടി ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വിഷമിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ കടത്തി വിട്ടത്. കുടുങ്ങിപ്പോയ മറ്റു യാത്രക്കാരെയും ഫയര്‍ഫോഴ്‌സ് സരുക്ഷിതമായി കടത്തിവിട്ടു. ആനമല അന്തര്‍ സംസ്ഥാന പാതയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനും ഇടയിലാണ് ചാര്‍പ്പ. വാൽപാറ, മലക്കപ്പാറ മേഖലകളിലേക്ക് ചാര്‍പ്പ പാലം കടന്നുവേണം പോകാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.