​െഎ ലീഗ്​ രണ്ടാം ഡിവിഷൻ: കേരള ബ്ലാ​സ്​റ്റേഴ്​സിനെ കേരള എഫ്​.സി. കൊമ്പു കുത്തിച്ചു(3^2)

െഎ ലീഗ് രണ്ടാം ഡിവിഷൻ: കേരള ബ്ലാസ്റ്റേഴ്സിനെ കേരള എഫ്.സി. കൊമ്പു കുത്തിച്ചു(3-2) തൃശൂർ: കേരള എഫ്.സിക്കുവേണ്ടി ഗാലറികളിൽ നിന്നുയർന്ന കടലിരമ്പം പാഴായില്ല. ഇഞ്ചുറി ടൈമിൽ പ്രതിരോധക്കാരൻ അഭിജിത്തി​െൻറ 'വെടിക്കെട്ട്' ഹെഡറിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ആതിഥേയർ വിജയം പിടിച്ചു വാങ്ങി. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന കേരള എഫ്.സി ശക്തമായ പ്രത്യാക്രമണത്തിലൂടെ വിജയം സ്വന്തം പേരിൽ കുറിക്കുകയായിരുന്നു(3-2). കേരള ബ്ലാസ്റ്റേഴ്സിെന കൊമ്പ് കുത്തിച്ചതിലൂടെ ആതിഥേയർ െഎ ലീഗ് രണ്ടാം ഡിവിഷൻ ഫുട്ബാൾ മത്സരത്തിൽ നാലാം വിജയമാണ് ആഘോഷിച്ചത്. മൊത്തം 13 പോയൻറുമായി ഗ്രൂപ്പിൽ ഇവർ ഒന്നാമതുമായി. ആദ്യ പകുതിയിൽ 23, 28 മിനിറ്റുകളിലായി സ്ട്രൈക്കർ സുരാജ് റാവത്താണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. നൈജീരിയൻ മുന്നേറ്റക്കാരൻ ബല അൽ ഹസൻ ദഹീർ, പകരക്കാരനായി ഇറങ്ങിയ ശ്രേയസ്, പ്രതിരോധക്കാരൻ അഭിജിത്ത് എന്നിവരാണ് കേരള എഫ്.സിക്കുവേണ്ടി ഗോൾ നേടിയത്. ആതിഥേയർക്ക് നിരവധി ഗോളവസരങ്ങൾ തുറക്കുകയും ഇരുവിങ്ങുകളിലൂടെ മാറി മാറി ആക്രമിച്ച് കളിക്കുകയും ചെയ്ത സന്തോഷ് ട്രോഫി താരം എം.എസ്. ജിതിൻ കളിയിലെ കേമനായി. സ്റ്റോപ്പർ നാരായൺ ഛേത്രി നൽകിയ പാസ് ആതിഥേയരുടെ പ്രതിരോധ പിഴവ് മുതലെടുത്ത് സുരാജ് റാവത്ത് വലയിലേക്ക് തിരിച്ചു വിട്ടാണ് മഞ്ഞപ്പടക്കുവേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്. ബോക്സി​െൻറ കിഴക്കേ അറ്റത്തു നിന്നുള്ള ഡയഗണൽ ഗ്രൗണ്ടർ വലയുടെ വലത്തേ മൂലയിൽ വിശ്രമിച്ചു(1-0). ചാട്ടുളി പോലെ കുതിക്കുന്ന തൃശൂർ ഒല്ലൂക്കരക്കാരൻ അനന്തു മുരളി ഇടതു വിങ്ങിൽ നിന്ന് മറിച്ചു കൊടുത്ത പന്തിൽ നിന്നാണ് സുരാജ് ലീഡ് ഉയർത്തിയത് (2-0). രണ്ടാം പകുതിയിൽ ജിതിനെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി കിക്ക് കളിയുടെ ഗതി മാറ്റി. കിക്കെടുത്ത ബലക്ക് പിഴച്ചില്ല(1-2). തുടർന്ന് ചീറ്റപ്പുലികളെ പോലെ പാഞ്ഞ ആതിഥേയർ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് തുടർ റെയ്ഡുകൾ നടത്തി. രണ്ടാം പകുതിയിൽ പരമീന്ദർ സിങ്ങിന് പകരക്കാരനായി ഇറങ്ങിയ ശ്രേയസ് ഇൗ നീക്കങ്ങളെ ഫലപ്രാപ്തിയിലെത്തിച്ചു. ഇടതു വിങ്ങിൽ നിന്ന് ബല നൽകിയ പാസ് ശ്രേയസ് കൃത്യമായി കണക്ട് ചെയ്തു (2-2). സമനില നേടിയതിലൂടെ വർധിത ആവേശത്തിലായി ചെമ്പട. തുല്യ നിലയിൽ മഞ്ഞപ്പടയും ആക്രമിച്ചതിലൂടെ പൊരിഞ്ഞ കളിയായി. ഇഞ്ചുറി ടൈമിൽ നേടിയ ഫൗൾ കിക്കാണ് വിജയ േഗാളിൽ കലാശിച്ചത്. ഫ്രീ കിക്കെടുത്ത ബല തളികയിൽ എന്ന വണ്ണം ഉയർത്തി കൊടുത്തു. വെടിയുണ്ട കണക്കെയായിരുന്നു അഭിജിത്തി​െൻറ ഹെഡർ(3-2). തൊട്ടുടനെ ലഭിച്ച തുറന്ന അവസരങ്ങൾ മഞ്ഞപ്പടക്ക് മുതലാക്കാനുമായില്ല. ആതിഥേയരുടെ പ്രതിരോധ പിഴവിൽ നിന്ന് ലഭിച്ച പന്തെടുത്ത ബ്ലാസ്റ്റേഴ്സി​െൻറ സഹൽ ഉഗ്രൻ ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. സൂപ്പർ കപ്പിൽ കളിച്ച അഞ്ച് താരങ്ങളുമായി കളത്തിലിറങ്ങിയ മഞ്ഞപ്പടക്ക് അതി​െൻറ മേൽക്കൈ നേടാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.