ഡ്യൂക്ക്​ ബൈക്കിലെത്തി സ്കൂട്ടർ യാത്രക്കാരികളുടെ മാലപൊട്ടിക്കുന്ന സംഘം പിടിയിൽ

ഇരിങ്ങാലക്കുട: വേഗമേറിയ ബൈക്കിൽ സ്‌കൂട്ടര്‍ യാത്രക്കാരികളെ പിന്തുടർന്ന് മാല പൊട്ടിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി. പറപ്പൂക്കര രാപ്പാള്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സുജില്‍(20), കോടാലി മൂന്നു മുറി സ്വദേശി പള്ളത്തേരി കാര്‍ത്തികേയന്‍(24), എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. അമിത വേഗത്തില്‍ ബൈക്കോടിക്കാൻ വിരുതനാണ് സംഘത്തലവനായ ഈ വിദ്യാർഥി എന്ന് അന്വേഷണ സംഘത്തലവൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വാടാനപ്പള്ളി ദേശീയപാത 17ല്‍ രാവിലെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന എടക്കുളം സ്വദേശിനിയുടെ എട്ടര പവന്‍ സ്വർണമാലയാണ് അവസാനമായി ഇവര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് പൊട്ടിച്ച് കടന്നത്. ഈമാസം നാലിന് രാത്രി ഏഴരക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലായി സ്വദേശിനിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം ചുരിദാറി​െൻറ ഷാൾ കുരുങ്ങിയതിനാല്‍ വിജയിച്ചില്ല. മാലയുടെ പകുതി മാത്രമെ നഷ്ടപ്പെട്ടുള്ളൂ. മാര്‍ച്ച് പത്തിന് കാറളം ബണ്ടിനടുത്തുെവച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയെ കഴുത്തിലടിച്ച് വീഴ്ത്തി മൂന്നേ മുക്കാല്‍ പവന്‍ വരുന്ന മാല പൊട്ടിച്ചു. ഫെബ്രുവരിയില്‍ അന്തിക്കാട് ചാഴൂരില്‍ സ്‌കൂട്ടറിന് പിറകിലിരുന്ന് സഞ്ചരിച്ച യുവതിയുടെ പത്ത് പവനുള്ള മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇവര്‍ താഴെ വീണതിനാല്‍ താലി മാത്രമെ നഷ്ടപ്പെട്ടുള്ളൂ. വൗള്ചയിൽ പരിക്കേറ്റതിനാൽ ഇവര്‍ ഒന്നര മാസത്തോളം കിടപ്പിലായി. ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ രാത്രി സഞ്ചരിക്കുമ്പോള്‍ മൂര്‍ക്കനാട് സ്വദേശിനിയുടെ രണ്ടര പവനും ഡിസംബറില്‍ കുരിയച്ചിറ ഒല്ലൂര്‍ റോഡില്‍െവച്ച് അളഗപ്പനഗര്‍ സ്വദേശിനിയുടെ മൂന്ന് പവന്‍ മാലയും ഇവര്‍ മോഷ്ടിച്ചിരുന്നു. കൊടുങ്കാറ്റ് വേഗത്തില്‍ ഓടിച്ച് പോകാന്‍ സാധിക്കുന്ന ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ആറ് കേസിൽ ഇവർ കുറ്റസമ്മതം നടത്തി. 23 എണ്ണം പാളിപ്പോയിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിനാണ് മോഷണമെന്നും പൊട്ടിച്ചതിൽ പലതും മുക്കുപണ്ടമായിരുന്നെന്നും ഇവർ പറഞ്ഞു. സർക്കിൾ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാർ, ഡിവൈ.എസ്.പിയുടെ ഷാഡോ ടീം അംഗങ്ങളായ എ.എസ്.ഐ പി.കെ. ബാബു, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് അഷറഫ്, ഡെന്നിസ്, സി.പി.ഒമാരായ ഷഫീര്‍ ബാബു റെജിന്‍, എം.കെ. ഗോപി, ഇ.എസ്. ജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.