തൃശൂർ: നിത്യരോഗികൾക്ക് ഇരുട്ടടിയായി ജീവൻരക്ഷ മരുന്നുകൾക്ക് വില വർധിക്കുന്നു. വിലനിയന്ത്രണ പട്ടികയിലുള്ള മരുന്നുകൾക്ക് ദേശീയ മരുന്നുവില നിർണയ അതോറിറ്റിയാണ് (നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി) വിലകൂട്ടിയതെങ്കിൽ നിയന്ത്രണ പട്ടികയിൽ ഇല്ലാത്തവ മാനദണ്ഡങ്ങളൊന്നുമില്ലാതെ കമ്പനി അധികൃതർ തന്നെയാണ് വിലകൂട്ടുന്നത്. വില നിയന്ത്രണമില്ലാത്ത മരുന്നുകൾക്ക് 10 ശതമാനത്തിൽ അധികം വില കൂട്ടരുതെന്ന നിർദേശം മാത്രമാണ് നൽകിയത്. അതുകൊണ്ടുതന്നെ ഒാരോ ബാച്ച് മരുന്നിനും വില കയറുന്നു. വിറ്റാമിൻ, പ്രോട്ടീൻ അടക്കം വരുന്ന ഇത്തരം മരുന്നുകൾക്ക് തോന്നിയ തരത്തിലാണ് കമ്പനികൾ വില ഇൗടാക്കുന്നത്. ഇൗ മാസം രണ്ടു മുതലാണ് പാവപ്പെട്ട രോഗികൾക്ക് പ്രഹരമേൽപിച്ച് അതോറിറ്റി വില വർധിപ്പിച്ചത്. പുതുതായി നിർമിക്കുന്ന മരുന്നുകൾക്കാണ് വിലക്കയറ്റം ബാധകമാവുക. നിലവിൽ സ്റ്റോക്കുള്ളവ അവയിൽ അടയാളപ്പെടുത്തിയ വിലയ്ക്ക് അനുസരിച്ച് മാത്രമെ വിൽക്കാവൂ. ഇൗ മാസം 15 ഒാടെ 3.74 ശതമാനം വരെ ഇത്തരം മരുന്നുകളുടെ വില കൂടും. 2013ലെ അവശ്യ മരുന്നു വില നിയന്ത്രണ നിയമത്തിെൻറ ഭാഗമായുള്ള പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾക്ക് തൊട്ടു മുമ്പുള്ള സാമ്പത്തിക വർഷത്തെ മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിലാണ് നിശ്ചിത ശതമാനം വില അതോറിറ്റി കൂട്ടുന്നത്. ഇത് അനുസരിച്ചാണ് ഇൗ സാമ്പത്തിക വർഷം 3.74 ശതമാനം വരെ വില വർധിക്കുന്നത്. അർബുദത്തിെൻറ 90 ശതമാനം മരുന്നുകൾക്കും വില കൂടും. പ്രമേഹത്തിന് 600 ബ്രാൻഡഡ് മരുന്നുകൾ നിലവിലുണ്ട്. ഗ്ലിമെപിറൈഡ് എന്ന പ്രമേഹ ഗുളികക്ക് പത്തെണ്ണത്തിന് 40 രൂപയാണ് നിലവിലെ വില. രക്തസമ്മർദത്തിന് കൂടുതൽ വിറ്റഴിക്കപ്പെടുന്ന അംലോഡിപൈൻ ഗുളിക പത്തെണ്ണത്തിന് 24 രൂപയുണ്ടിപ്പോൾ. ഇവയുടെയെല്ലാം വില കൂടുന്നത് സാധാരണക്കാർക്ക് പ്രഹരമാവും. 684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയിൽ ഉണ്ടായിരുന്നത്. 2016ൽ കേന്ദ്ര സർക്കാർ ഇത് 875 ആക്കി. ഈ മരുന്നുകൾക്കെല്ലാം ഒറ്റയടിക്ക് വില കൂടും. അതോറിറ്റിയുടെ പട്ടികയിൽനിന്ന് കൂടുതൽ മരുന്നുകളെ ഒഴിവാക്കാൻ മരുന്നു കമ്പനികൾ കേന്ദ്ര സർക്കാറിൽ സമ്മർദം തുടരുകയാണ്. ഇത് വിജയിച്ചാൽ അനിയന്ത്രിതമായ വില വർധനയാകും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.