വിഭാഗീയതക്ക്​ കൂച്ചുവിലങ്ങിടും; കുന്നംകുളത്ത്​ സി.പി.എം ബ്രാഞ്ച്​ സമ്മേളനങ്ങൾക്ക്​ തുടക്കം

കുന്നംകുളം: അച്ചടക്ക നടപടിയിലൂടെ വിഭാഗീയത ഒതുക്കിയ കുന്നംകുളത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. ബ്രാഞ്ച് യോഗങ്ങൾ പൂർത്തീകരിക്കാൻ വൈകിയ സാഹചര്യത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാൻ വൈകിയത്. കുന്നംകുളം ഏരിയയിൽ 161 ബ്രാഞ്ചുകളും 13 ലോക്കൽ കമ്മിറ്റികളുമാണുള്ളത്. ഒക്ടോബർ 15നകം പൂർത്തിയാകുന്ന മുറക്ക് ലോക്കൽ സമ്മേളനങ്ങൾ തുടങ്ങും. നവംബർ 25 മുതൽ 27 വരെ ഏരിയ സമ്മേളനം നടക്കും. മാസങ്ങൾക്കുമുമ്പ് കർഷക സംഘം ഏരിയ സെക്രട്ടറിയായ എം.എൻ. സത്യനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി വീണ്ടും സെക്രട്ടറിയായി സത്യനെ തന്നെ തെരഞ്ഞെടുക്കാനാണ് ധാരണയായിട്ടുള്ളതെന്ന് അറിയുന്നു. കഴിഞ്ഞ ഏരിയ സമ്മേളനം തെരഞ്ഞെടുത്ത 20 അംഗ കമ്മിറ്റിയിൽ രണ്ടുപേർ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിലാണ്. മുൻ ഏരിയ സെക്രട്ടറി ബാലാജി എം. പാലിശ്ശേരി, സി.െഎ.ടി.യു ഏരിയ സെക്രട്ടറി എം.എൻ. മുരളീധരൻ എന്നിവരാണ് ഒറ്റപ്പിലാവിൽ ആർ.എസ്.എസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച കേസിൽ സുപ്രീംകോടതി വിധിക്ക് വിധേയമായി ഏഴുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. പരോൾ വ്യവസ്ഥയിൽ ഇരുവരും ഏരിയ സമ്മേളനത്തിൽ പെങ്കടുക്കുമെന്നാണ് അറിയുന്നത്. ആലത്തൂർ ലോകസഭാ മണ്ഡലം, കുന്നംകുളം നിയോജക മണ്ഡലം എന്നിവിടങ്ങളിൽ വിജയം ആവർത്തിക്കപ്പെടാനായതും കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, എരുമപ്പെട്ടി ഒഴികെയുള്ള പഞ്ചായത്തുകളിൽ ഭരണത്തിലെത്താനായതും സമ്മേളനങ്ങളിൽ നേട്ടമായി വിലയിരുത്തപ്പെടും. ജില്ലയിൽ ശക്തമായ വിഭാഗീയത ഉയർന്നുവന്ന കുന്നംകുളത്ത് ഇരുവിഭാഗത്തെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മുന്നൊരുക്കത്തിലാണ് സംസ്ഥാന സമിതിയംഗവുമായ മന്ത്രി എ.സി. മൊയ്തീൻ. കഴിഞ്ഞ സമ്മേളന കാലയളവിൽ ഏറെ വിഭാഗീയത ഉയർന്നുവന്ന കുന്നംകുളത്ത് അതിനെ മറികടക്കാൻ ജില്ലനേതൃത്വത്തിൽ ശ്രമിച്ചിരുന്നത് പാർട്ടിയുടെ അന്നത്തെ അമരക്കാരനായിരുന്ന മൊയ്തീനായിരുന്നു. പിന്നീട് കുന്നംകുളത്ത് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തതോടെ കുന്നംകുളത്തേക്ക് കൂടുതൽ ശ്രദ്ധയായി. അദ്ദേഹത്തി​െൻറ സാന്നിധ്യം ഏരിയ സമ്മേളനത്തിന് മികവേകുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.