കൊടുങ്ങല്ലൂർ: എറിയാട് കടൽത്തീരത്ത് നിന്ന് കണ്ട സ്വപ്നം റഷ്യൻ കൊടുമുടി കീഴടക്കി യാഥാർഥ്യമാക്കി തൊഴിലാളിയായ നബീൽ. നിശ്ചയദാർഢ്യവും കഠിന പരിശ്രമവും സമൂഹത്തിന്റെ തുണയും ഉണ്ടെങ്കിൽ ഇല്ലായ്മകളെ വകഞ്ഞുമാറ്റി ആഗ്രഹങ്ങൾ സഫലീകരിക്കാനാകുമെന്ന സന്ദേശം കൂടിയാണ് കാട്ടുപറമ്പിൽ നബീലിന്റെ വിജയകരമായ കൊടുമുടി കയറ്റം.
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്രഡ് കീഴടക്കിയാണ് നബീൽ എന്ന സാഹസികൻ ജന്മനാടിന്റെ അഭിമാന താരമായത്. ആത്യന്തിക ലക്ഷ്യമായ എവറസ്റ്റ് കീഴടക്കുന്നതിന് മുന്നോടിയായാണ് 18,510 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ കൊടുമുടിയുടെ നെറുകയിലേക്ക് നബീൽ നടന്നുകയറിയത്.
കഴിഞ്ഞ 23ന് ഇന്ത്യൻ സമയം 1.15നാണ് നബീലും സംഘവും കൊടുമുടിക്ക് മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചത്. ചെറിയ പ്രയാസങ്ങൾ ഉണ്ടായെങ്കിലും തന്നെ പിന്തുണച്ച എല്ലാവരുടെയും പ്രാർഥനയുടെയും ആശംസകളുടെയും ഫലമായി അതെല്ലാം അതിജീവിക്കാനായെന്നാണ് ഈ യുവാവ് വ്യക്തമാക്കുന്നത്. നാട്ടുകാരുടെ പിന്തുണയും ഈ സാഹസിക യജ്ഞത്തിന് പിറകിലുണ്ട്.
ഒരിക്കൽ സുഹൃത്തുമായി ഇടുക്കിയിൽ മല കയറാൻ ശ്രമിച്ചതിന് പിറകെ മനസ്സിൽ മുളപൊട്ടിയതാണ് എവറസ്റ്റോളം ഉയരത്തിലുള്ള ചിന്ത. പിന്നീട് അതിനായുള്ള അന്വേഷണത്തിലും പരിശീലനത്തിലുമായി. ജോലിക്കിടയിൽ രാവിലെയും വൈകുനേരവുമെല്ലാം നബീൽ നടത്തിവന്ന കഠിന പരിശീലനം അത്ഭുതത്തോടെ നോക്കിക്കണ്ട നാട്ടുകാർ ഈ 33കാരന്റെ സാഹസിക നേട്ടം ആഹ്ലാദപൂർവവും ഒപ്പം അഭിമാനത്തോടെയും ഉയർത്തി പിടിക്കുകയാണിപ്പോൾ. തീരഗ്രാമമായ എറിയാടിന് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയോളം ഗരിമ പകർന്ന നബീലിന് നാട്ടിലെത്തിയപ്പോൾ പഞ്ചായത്ത് അധികാരികൾ പ്രാഥമിക സ്വീകരണം നൽകി. പിന്നീട് നാടിന്റെ പൗരസ്വീകരണം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.