കൊടുങ്ങല്ലൂർ: ജി.എസ്.ടിയിലെ നിർമാണ കരാർ വ്യവസ്ഥകൾക്കെതിരെ കൊടുങ്ങല്ലൂർ നഗരസഭയിൽ ഇടതുപക്ഷ, കോൺഗ്രസ് സംയുക്ത പ്രമേയം. എതിർത്ത് ബി.ജെ.പി രംഗത്തെത്തി. കൗൺസിൽ യോഗത്തിൽ ജി.എസ്.ടി ചൂടേറിയ ചർച്ചയായി. കരാർ തുകയുടെ 12 ശതമാനം ജി.എസ്.ടി യായി മുൻകൂർ അടക്കണമെന്ന വ്യവസ്ഥ വന്നേതാടെ കരാറുകാർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നും ഇത് നഗരസഭയുടെ വികസനത്തെ കാര്യമായി ബാധിച്ചതായി ഭരണപക്ഷം ചൂണ്ടിക്കാട്ടി. കോട്ടപ്പുറത്തെ ലൈബ്രറി പുനർനിർമാണം നടക്കാത്തത് സംബന്ധിച്ച് വി.എം. ജോണിയിൽ നിന്നുണ്ടായ പരാമർശങ്ങളോടെയാണ് കൗൺസിലിൽ ജി.എസ്.ടി ചർച്ച സജീവമാക്കിയത്. ജി.എസ്.ടിക്കെതിരായ ഇടതുപക്ഷ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഒടുവിൽ പ്രതിപക്ഷനിരയിൽ നിന്ന് വി.എം. ജോണി ജി.എസ്.ടിയിലെ കരാർ വ്യവസ്ഥക്കെതിരെ കൊണ്ടുവന്ന പ്രമേയം ഭരണപക്ഷ നേതൃനിരയിലെ പ്രധാനികളായ കെ.ആർ. ജൈത്രൻ, സി.കെ. രാമനാഥൻ എന്നിവരുടെ പിന്തുണയോടെ കൗൺസിൽ അംഗീകരിച്ചു. പ്രതിപക്ഷമായ ബി.ജെ.പി പ്രമേയത്തെ പിന്തുണച്ചില്ല. നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തകർക്കുന്ന വികലമായ സാമ്പത്തിക നയമാണ് ജി.എസ്.ടി യെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരണസ്തംഭനത്തിേലക്ക് പോകുകയാണ്. ജി.എസ്.ടി നടപ്പാക്കിയതിെൻറ പേരിൽ കരാറുകാർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നില്ല. നഗരസഭക്ക് കിേട്ടണ്ടതായ വിനോദ നികുതിയും കിട്ടുന്നില്ല. ഗൗരവപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.