തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കൂറുമാറിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് അംഗങ്ങൾ. കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയെന്ന് ഡി.സി.സി അധ്യക്ഷൻ പറയുന്നത് തെറ്റാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രനും പ്രസിഡന്‍റ് ടെസി തോമസും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയെന്ന് ഡി.സി.സി അധ്യക്ഷൻ പറയുന്നത് പച്ചക്കള്ളമാണ്. ഭരണമാറ്റത്തെ കുറിച്ച് വ്യക്തമായ നിലപാടാണ് അംഗങ്ങൾക്കുള്ളത്. മുൻ ഭരണസമിതികളിൽ സി.പി.എം നടത്തിയ അഴിമതി മൂടിവെക്കാനായി കോൺഗ്രസ് അംഗം കെ.പി. ഔസേപ്പിനെ വിലക്കെടുത്തതിന്‍റെ പരിണിത ഫലമാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കണ്ടത്.
24 സ്ഥാനാർഥികളാണ് യു.ഡി.എഫിൽ മത്സരിച്ചത്. കെ.പി. ഔസേപ്പ് എന്ന കോൺഗ്രസ് സ്ഥാനാർഥിയെ സി.പി.എം വിലക്കെടുത്തു. 10 അംഗങ്ങൾ വീതം യു.ഡി.എഫിലും എൽ.ഡി.എഫിലും ഉള്ളപ്പോൾ നറുക്കെടുപ്പിലൂടെ ഔസേപ്പ് പ്രസിഡന്‍റാകുമായിരുന്നു. അല്ലെങ്കിൽ സി.പി.എം അംഗ പ്രസിഡന്‍റാകും. നിലനിൽക്കുന്ന 50 ശതമാനം സാധ്യത ഇല്ലാതാക്കാൻ ഔസേപ്പിനെ വിലക്കെടുത്തു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ഔസേപ്പിന്‍റെ പേര് സി.പി.എം നിർദേശിച്ചതോടെ ടെസിയുടെ പേര് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. സി.പി.എം വിരോധം കാരണം ബി.ജെ.പി അംഗങ്ങൾ ടെസിക്ക് വോട്ട് ചെയ്തു. ടെസിക്ക് 12ഉം ഔസേപ്പിന് 11ഉം വോട്ട് ലഭിച്ചു.
മറ്റത്തൂരിൽ പാർട്ടിയും കെ.പി.സി.സി നേതൃത്വവും പ്രശ്നപരിഹാരം ഉണ്ടാക്കണം. പ്രാദേശിക രാഷ്ട്രീയവും പൊതുവികാരവും പരിഗണിച്ചാണ് സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയത്. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും പ്രത്യാഘാതം പഠിക്കാതെ സ്ഥാനങ്ങൾ രാജിവെക്കില്ലെന്നും ടി.എം. ചന്ദ്രനും അംഗങ്ങളും വ്യക്തമാക്കി.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പത്ത് അംഗങ്ങളെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, കെ.ആര്‍. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പുറത്താക്കിയത്.
തൃശൂർ കോൺഗ്രസിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് മറ്റത്തൂരിലെ കൂടുമാറ്റം. മറ്റത്തൂരിൽ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സംഭവം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും വാർത്തയാകുകയും ചെയ്തിട്ടുണ്ട്.
സ്വതന്ത്ര അംഗമായ കെ.ആര്‍. ഔസേഫിനെ മുൻനിർത്തി എൽ.ഡി.എഫ് ഭരണം നേടുമെന്ന സൂചന വന്നതോടെയാണ് ബി.ജെ.പിയെ കൂട്ടുപിടിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണത്തിന് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി വരെ യു.ഡി.എഫിലായിരുന്ന എട്ട് കോൺഗ്രസ് പഞ്ചായത്തംഗങ്ങളും ശനിയാഴ്ച രാവിലെ പാർട്ടി വിടുന്നതായി കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സംപൂജ്യരായി മാറി. പാർട്ടിവിട്ട എട്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ബി.ജെ.പിയും ഒത്തുചേർന്ന് ഭരണം പിടിച്ചു.
ആകെയുള്ള 24 വാർഡുകളിൽ എൽ.ഡി.എഫ് -പത്ത്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി -നാല്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിട്ടതോടെ എൽ.ഡി.എഫിന് സ്വതന്ത്രന്റെയടക്കം 11 പേരുടെയും എതിർപക്ഷത്തിന് 13 പേരുടെയും പിന്തുണയായി. സ്വതന്ത്രയായ ടെസി ജോസിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ കളംമാറ്റം.
സ്വതന്ത്രനായ കെ.ആർ. ഔസേഫിനെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. യു.ഡി.എഫിന്റെ എട്ട് അംഗങ്ങൾക്ക് പുറമെ ബി.ജെ.പിയുടെ മൂന്ന് പേരുടെയും കൂടി പിന്തുണയോടെ 12 വോട്ട് നേടി ടെസി പ്രസിഡന്റായി. കെ.ആർ. ഔസേഫിന് 11 വോട്ട് ലഭിച്ചു. ഒരു ബി.ജെ.പി അംഗത്തിന്റെ വോട്ട് അസാധുവായി. വൈസ് പ്രസിഡന്റായി നൂര്‍ജഹാന്‍ നവാസ് എല്‍.ഡി.എഫിലെ ബിന്ദു മനോജ്കുമാറിനെ പരാജയപ്പെടുത്തി. നൂര്ജഹാന് ബി.ജെ.പി അംഗങ്ങളുടേതടക്കം 13 വോട്ടും ബിന്ദുവിന് 10 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് പക്ഷത്തെ ഒരു വോട്ട് അസാധുവായി.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി നടന്ന നീക്കങ്ങൾക്കൊടുവിലാണ് ടെസിയെ പ്രസിഡന്റും നൂർജഹാനെ വൈസ് പ്രസിഡന്റുമായി നിശ്ചയിച്ചത്. ഇതിന് ചുക്കാൻ പിടിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപ്പറമ്പിൽ എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, മറ്റത്തൂരിലെ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയില്‍ പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
മറ്റത്തൂരില്‍ വിജയിച്ച രണ്ടു വിമതന്‍മാരില്‍ ഒരാളെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് മറ്റൊരു വിമതന് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്.
കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ല. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതു കൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.