തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ്
തൃശൂർ: മേയർ തെരഞ്ഞെടുപ്പിൽ വിജയം നേടാനായെങ്കിലും സാമ്പത്തിക ആരോപണങ്ങളിൽ മുഖം നഷ്ടമായി കോൺഗ്രസ്. ഡി.സി.സി പ്രസിഡന്റ് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടെന്ന കൗൺസിലർ ലാലി ജെയിംസിന്റെ ആരോപണം ജില്ലയിൽ നേടിയ ഭേദപ്പെട്ട വിജയത്തിന്റെ ശോഭയും കെടുത്തി. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലെ വിജയം പോലും ആഘോഷിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. മേയറെ ഷാളണിയിക്കാൻ ഡി.സി.സി പ്രസിഡന്റ് എത്തിയതുമില്ല. അതോടൊപ്പം, കോർപറേഷൻ വിജയത്തിന്റെ അടക്കം ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ചിലരുടെ ശ്രമവും മുതിർന്ന കൗൺസിലറായിരുന്ന വ്യക്തിയുടെ നിയമസഭ മോഹവുമാണ് ഇത്തരം നാണം കെടലിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
തൃശൂർ നിയമസഭ സീറ്റിൽ ക്രിസ്ത്യൻ സമുദായക്കാരന് സീറ്റ് ലഭിക്കുന്നത് ഉറപ്പാക്കാൻ മേയർ സ്ഥാനം നായർ സമുദായത്തിലേക്ക് കൈമാറാനുള്ള നീക്കം നടന്നതാണ് ഇത്രയും വലിയ വിഷയമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാവിനെ വിജയത്തിന് ശേഷം അവഗണിച്ചുവെന്ന പരാതിയുമുണ്ട്. ഇത്തരം ഗുരുതര ആരോപണം ഉയർന്നിട്ടും ഡി.സി.സി പ്രസിഡന്റിനെ പ്രതിരോധിക്കാനും കാര്യമായി ആരും രംഗത്തെത്തിയില്ല.
കെ.സി. വേണുഗോപാൽ ഗ്രൂപ് നേരിട്ട് ഇറങ്ങിക്കളിക്കുകയും പണവും ആഭിജാത്യവും നോക്കിയെന്നുമുള്ള ലാലി ജെയിംസിന്റെ പരാമർശത്തിന് സാധാരണ പ്രവർത്തകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. കന്നി മത്സരത്തിൽ വിജയിച്ച അംഗത്തെ മേയറാക്കി കോർപറേഷൻ ഭരിക്കാൻ ട്യൂഷൻ മാസ്റ്റർമാർ വരേണ്ടതില്ലെന്ന ലാലി ജെയിംസിന്റെ പ്രഖ്യാപനവും പിൻസീറ്റ് ഭരണം ലക്ഷ്യം വെച്ചവരെ ഊന്നിയാണ്. ഇതോടൊപ്പം തനിക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങിയാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയതോടെ നേതൃത്വം കൂടുതൽ നടപടികൾ തൽക്കാലം വേണ്ടെന്ന നിലപാടിലാണ്.
ലാലി ജെയിംസ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ലാലി ജെയിംസിനെ ആശ്വസിപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശബ്ദം അടക്കം റെക്കോഡ് ചെയ്യാൻ സൗകര്യമുള്ള സി.സി.ടി.വിയുള്ള ഡി.സി.സി ഓഫിസിൽ പണം ആവശ്യപ്പെട്ടെന്നതടക്കം ശരിയല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വികസനത്തിലൂടെ ഇപ്പോൾ ഉണ്ടായ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനുള്ള ശ്രമങ്ങളും പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൗൺസിലർമാർക്ക് പരിശീലനവും നൽകുന്നുണ്ട്.
ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് കോഴ ആവശ്യപ്പെട്ടതായുള്ള കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന്റെ പ്രസ്താവന അനാവരണം ചെയ്യുന്നത് കോൺഗ്രസിന്റെ വികൃത മുഖമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. തന്നെ വിളിച്ചു വരുത്തി ഡി.സി.സി പ്രസിഡന്റ് പണം ചോദിച്ചു എന്ന് വെളിപ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന കൗൺസിലറാണ്. ഇത് അതീവ ഗുരുതര വിഷയമാണ്. ഇപ്പോൾ മേയർ സ്ഥാനത്തേക്ക് പാർട്ടി നിയോഗിച്ചത് നേതാക്കൾക്ക് പണപ്പെട്ടി കാഴ്ച വെച്ചാണെന്നും കോൺഗ്രസ് കൗൺസിലർ വ്യക്തമാക്കുന്നുണ്ട്. നടക്കാൻ പോകുന്ന അഴിമതി എത്ര ഭീകരമായിരിക്കുമെന്ന സൂചന ഇതു നൽകുന്നുണ്ട്. തൃശൂരിലെ പാർട്ടി അഴിമതിയെ കുറിച്ച് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവിനും കെ.പി.സി.സിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിലല്ല വികസനത്തിലാണ് കാര്യമെന്നെന്നും അതുകൊണ്ടാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന കൗൺസിലർ പോലും വോട്ട് ചെയ്ത് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് 35 വോട്ടുകൾ ലഭിച്ചതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിവാദങ്ങൾക്ക് പുറകെ ഓടാൻ കോൺഗ്രസ് ഇല്ല. ലക്ഷ്യം നഗരത്തിന്റെ വികസനമാണ്. അതിനുവേണ്ടിയാണ് നഗരവാസികൾ കോൺഗ്രസിനെ ഭരണം ഏൽപിച്ചത്. ഇതിനായി കൗൺസിലർമാരെ ഒരുക്കുന്നതിന്റെ ഭാഗമായി ഡിസംബർ 31ന് രാവിലെ 10ന് ഡി.സി.സി ഓഫിസിൽ കില മുൻ ഡയറക്ടർ ഡോ.പി.പി. ബാലന്റെ നേതൃത്വത്തിൽ ക്യാമ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ സ്ഥാനം ലഭിക്കുന്നതിന് ഡി.സി.സി പ്രസിഡന്റ് കോഴ ആവശ്യപ്പെട്ടതായി ലാലൂര്‍ ഡിവിഷന്‍ കൗണ്‍സലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസ് പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍, ജോസഫ് ടാജറ്റിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ല എക്‌സിക്യുട്ടിവ് യോഗം ആവശ്യപ്പെട്ടു.
അതീവ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് ജില്ല-സംസ്ഥാന-ദേശീയ നേതാക്കള്‍ക്കെതിരെ ലാലി ജെയിംസ് ഉന്നയിച്ചത്. പാര്‍ട്ടി സംവിധാനം ചലിപ്പിക്കാൻ പണം വേണമെന്നും മേയര്‍ പദവി ലഭിക്കാൻ പണം മുടക്കിയാല്‍ അഞ്ചുവര്‍ഷംകൊണ്ട് നല്ല രീതിയില്‍ അഴിമതി നടത്തി മുടക്കുമുതല്‍ തിരികെ പിടിക്കാമെന്നും ഡി.സി.സി നേതൃത്വം തന്നെ നേരിൽക്കണ്ട് പറഞ്ഞതായി അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മേയര്‍ സ്ഥാനത്തിന് പണം ആവശ്യപ്പെട്ടവര്‍ സീറ്റ് നല്‍കുന്നതിനും പണം വാങ്ങിയിട്ടുണ്ടാകാം. പദവിക്കായി പണം നല്‍കിയവരെയും പണം വാങ്ങിയവരെയും കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗം കെ.പി. രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. വത്സരാജ്, റവന്യൂ മന്ത്രി കെ. രാജന്‍, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം അഡ്വ. വി.എസ്. സുനില്‍കുമാര്‍, ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.