ഹസ്സൻ തളികശ്ശേരി, സൈനബ ഷുക്കൂർ
പുന്നയൂർക്കുളം: 1975 മുതൽ എൽ.ഡി.എഫ് കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര മുഹൂർത്തം. യു.ഡി.എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ റൗണ്ടിൽ യു.ഡി.എഫ്. ഒമ്പത്, എൽ.ഡി.എഫ് ഏഴ്, എൻ.ഡി.എ നാല് എന്നിങ്ങനെയായിരുന്നു ഫലം. പിന്നീട് രണ്ടാം റൗണ്ടിൽ യു.ഡി.എഫ്, എൽ.ഡി.എഫ് തമ്മിൽ മത്സരിച്ചപ്പോൾ ഒമ്പത് വോട്ടുനേടി ഹസ്സൻ തളികശ്ശേരി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു.
എസ്.ഡി.പി.ഐ അംഗത്തിന്റെ വോട്ട് അസാധുവായി രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗിലെ സൈനബ ഷുക്കൂർ, എൽ.ഡി.എഫിലെ ശോഭ പ്രേമൻ, എൻ.ഡി.എയിലെ അനിത ധർമൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ആദ്യ റൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒമ്പതും, എൽ.ഡി.എഫിന് ആറും, എൻ.ഡി.എക്ക് നാല്, അസാധു രണ്ട് എന്നിങ്ങനെയായിരുന്നു ഫലം. എസ്.ഡി.പി.ഐ അംഗത്തിന്റെയും പതിനാറാം വാർഡിലെ എൽ.ഡി.എഫ് അംഗം ജയന്തിയുടെ വോട്ടുമാണ് അസാധുവായത്. രണ്ടാം റൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ഒമ്പതും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഏഴ് വോട്ടും ലഭിച്ചു. സൈനബക്ക് പ്രസിഡന്റ് ഹസൻ തളികശേരി സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹസ്സൻ തളികശ്ശേരി ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കെ.എസ്. പ്രവർത്തകനായാണ് രാഷ്ട്രീയ തുടക്കം. പഴഞ്ഞി എം.ഡി കോളജ് യൂനിയൻ ചെയർമാൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി കൗൺസിൽ അംഗം എന്നീ പദവികൾ വിദ്യാർഥി രാഷ്ട്രീയത്തിലുള്ളപ്പോൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.