വെള്ളിക്കുളങ്ങര: ബ്രിട്ടീഷ് ഭരണകാലത്തെ ട്രാംവേയുടെ അവശേഷിപ്പായി കാടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുന്നക്കുഴി ഇരുമ്പുപാലം പുതിയ തലമുറക്ക് കൗതുകമാകുന്നു. 110ലേറെ വര്‍ഷം പിന്നിട്ടിട്ടും കരുത്തുചോരാത്ത ഈ പാലം എന്‍ജിനീയറിങ് വൈദഗ്ധ്യത്തിെൻറ സാക്ഷ്യപത്രമാണ്. വെള്ളിക്കുളങ്ങരയിൽനിന്ന് പത്ത് കിലോമീറ്റർ അകലെ കാരിക്കടവ് വനത്തിനുള്ളിൽ മുപ്ലി പുഴക്ക് കുറുകെയാണ് പാലമുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് ചാലക്കുടിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് നിലവിലുണ്ടായിരുന്ന കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേ എന്ന തീവണ്ടിപ്പാതയുടെ ഭാഗമായാണ് പാലം നിർമിച്ചത്. ചാലക്കുടി മുതല്‍ പറമ്പിക്കുളം വരെ 90 കിലോമീറ്റര്‍ നീളത്തില്‍ നിർമിച്ച ട്രാംവേയിലെ പാലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുന്നക്കുഴിയിലേത്. പൂർണമായി ഉരുക്കുകൊണ്ട് നിർമിച്ച ഈ പാലത്തിെൻറ ഭാഗങ്ങള്‍ അക്കാലത്ത് ബ്രിട്ടനില്‍നിന്ന് കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ച ശേഷമാണ് ആനപ്പാന്തം കാട്ടിൽ കൊണ്ടുവന്ന് സ്ഥാപിച്ചത്. പറമ്പിക്കുളം വനത്തില്‍നിന്ന് വിലപിടിപ്പുള്ള ടണ്‍കണക്കിന് തടികളാണ് ട്രാംവണ്ടികളില്‍ കയറ്റി ഈ പാലത്തിലൂടെ ചാലക്കുടിയിലേക്കും അവിടെനിന്ന് കൊച്ചി തുറമുഖത്തേക്കും എത്തിച്ചത്. ലണ്ടന്‍ ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരസദൃശ്യമായ കെട്ടിടങ്ങള്‍ പലതും നിർമിച്ചത് പറമ്പിക്കുളം കാടുകളില്‍നിന്ന് കൊണ്ടുപോയ തടി ഉപയോഗിച്ചാണ്. ട്രാംവേ കടന്നുപോയിരുന്ന ആനപ്പാന്തം കവല, കൊമളപ്പാറ, കുരിയാര്‍കുറ്റി, പറമ്പിക്കുളം എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന റെസ്റ്റ് ഹൗസുകളില്‍ അക്കാലത്ത് ബ്രിട്ടീഷ് ഓഫിസര്‍മാര്‍ അവധിക്കാലം ചെലവഴിക്കാനെത്തിയിരുന്നു. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലി ഈ പാലത്തിലൂടെ ട്രാംവണ്ടിയില്‍ നിരവധി തവണ പറമ്പിക്കുളത്തേക്ക് സഞ്ചരിച്ചിട്ടുണ്ട്. 1935ല്‍ തിരുവിതാംകൂര്‍ മഹാരാജാവിെൻറ ആവശ്യപ്രകാരം നടത്തിയ തിരുവിതാംകൂര്‍-കൊച്ചി പക്ഷി സർവേയുടെ ഭാഗമായാണ് ഡോ. സാലിം അലി ഭാര്യ തെഹ്മിനയോടൊപ്പം ഇവിടെ എത്തിയത്. പറമ്പിക്കുളത്തെ കുരിയാര്‍കുറ്റിയിലിരുന്നാണ് കേരളത്തിലെ പക്ഷികളെ കുറിച്ചുള്ള പുസ്തകത്തിന് ഡോ. സാലിം അലി തുടക്കം കുറിച്ചത്. ഡോ. അലി നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ച് ഭാര്യ തെഹ്മിനയായിരുന്നു കുറിപ്പുകള്‍ തയാറാക്കിയിരുന്നത്. 1951ല്‍ ട്രാംവേ നിര്‍ത്തലാക്കിയെങ്കിലും പുന്നക്കുഴി പാലം ഉള്‍പ്പടെയുള്ള ശേഷിപ്പുകള്‍ ഇപ്പോഴും വെള്ളിക്കുളങ്ങര മുതല്‍ പറമ്പിക്കുളം കുരിയാര്‍കുറ്റി വരെയുള്ള കാടുകളില്‍ കാണാനാവും. പുന്നക്കുഴി പാലത്തിനക്കരെ മുതലുള്ള ആനപ്പാന്തം കാടുകള്‍ ഇപ്പോള്‍ പറമ്പിക്കുളം കടുവ സങ്കേതത്തിെൻറ ഭാഗമാണെന്നതിനാല്‍ വനംവകുപ്പിെൻറ അനുമതിയില്ലാതെ സഞ്ചാരികള്‍ക്ക് ഇവിടെയെത്താനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.