തൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിെൻറ കൊലപാതക കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് തിങ്കളാഴ്ച നടക്കും. മുഖ്യപ്രതി ചക്കര ജോണി, രഞ്ജിത്ത് പൈനാടത്ത് എന്നിവരും കൊലപാതകം നടത്തിയവരെന്ന് പൊലീസ് പറയുന്ന മുരിങ്ങൂര്‍ ചാമക്കാല ഷൈജു , മുരിങ്ങൂര്‍ പാലക്കാടന്‍ സത്യന്‍ , ചാലക്കുടി മതില്‍ക്കൂട്ടം സുനിൽ, വെളുത്തൂര്‍ രാജന്‍ എന്നിവരെയുമാണ് തിരിച്ചറിയൽ പരേഡിന് വിധേയമാക്കുന്നത്. പ്രധാന സാക്ഷി പരിയാരം സ്വദേശി ബാബുവാണ് പ്രതികളെ തിരിച്ചറിയേണ്ടത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിൽ രാവിലെ 11.30ന് ഇരിങ്ങാലക്കുട സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ്. കേസില്‍ ആരോപണവിധേയനായ അഡ്വ. ഉദയഭാനു രാജീവിെൻറ വീട്ടിലെത്തിയതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ നിയമനടപടിക്കൊരുങ്ങുന്നുവെന്ന സൂചന കിട്ടി. ഉദയഭാനു രാജീവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മകൻ അഖിലിെൻറ മൊഴി. അറസ്റ്റിലായവരുടെ മൊഴിയിൽ രാജീവിനെ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിന് വേണ്ടിയാണെന്ന് പറയുന്നുണ്ട്. രാജീവിന് അപകടം പറ്റിയെന്ന് പൊലീസിനെ വിളിച്ചുപറഞ്ഞത് ഉദയഭാനുവാണെന്നതിെൻറ തെളിവ് പൊലീസിെൻറ കൈയിലുണ്ട്. ഇയാളുടെ മുൻകൂർ ജാമ്യഹരജി പരിഗണിച്ച ഹൈകോടതി 16 വരെ അറസ്റ്റ് ചെയ്യരുതെന്നും തെളിവുകൾ സീൽ ചെയ്ത് കോടതിയിൽ സമർപ്പിക്കാനുമായിരുന്നു നിർദേശിച്ചത്. എന്നാൽ, നിർണായക തെളിവ് കോടതിയിൽ സമർപ്പിക്കുംമുമ്പേ പൊലീസ് പുറത്തുവിട്ടതിൽ ദുരൂഹതയുണ്ടെന്ന വാദമുയർത്തിയാണ് ഉദയഭാനു കോടതിയെ സമീപിക്കുന്നത്. പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു നേരത്തെ നൽകിയ ഹരജിയിൽ ആരോപിച്ചത്. പൊലീസ് 'തെളിവ്' പുറത്തു വിട്ടത് അതിെൻറ ഭാഗമാണെന്ന് കോടതിയെ അറിയിക്കും. 16ന് കേസ് പരിഗണിക്കുംമുമ്പ് തന്നെ ഇക്കാര്യം അറിയിച്ചേക്കും. സി.പി. ഉദയഭാനു രാജീവിെൻറ വീട്ടിലെത്തുന്നതും സംസാരിക്കുന്നതും ചില പേപ്പറുകളിൽ എഴുതുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇൗ കാമറയിലെ ഒരുവർഷത്തെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.