ഗെയിൽ വാതക പൈപ്പ്​ലൈന്‍ പദ്ധതി അടുത്ത ഡിസംബറോടെ പൂര്‍ത്തിയാകും

തൃശൂര്‍: ഗെയില്‍ പ്രകൃതി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ 2018 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും സ്ഥലമെടുപ്പ് പൂര്‍ത്തിയാെയന്നും ഗെയില്‍ ഇന്ത്യ ലിമിറ്റഡ് പ്രോജക്ട്‌സ് ഡയറക്ടര്‍ ഡോ. അശുതോഷ് കര്‍ണാടക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൈപ്പ്ലൈൻ കടന്നുപോകുന്ന ജില്ലകളിലെ ഫ്ലാറ്റുകളിലേക്കും ഹോട്ടലുകളിലേക്കും പാചക വാതക പൈപ്പ് സ്ഥാപിക്കാനും വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാനും ക്രമീകരണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെ ലൈൻ സ്ഥാപിക്കൽ പൂർത്തിയായി. അവിടെനിന്ന് തമിഴ്‌നാട്ടിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പ്ലൈനുകളുടെ പണി പുരോഗമിക്കുകയാണ്. മൊത്തം 438 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്ലൈന്‍ സ്ഥാപിച്ചാണ് മംഗലാപുരത്തേക്ക് പ്രകൃതി വാതകം എത്തിക്കുന്നത്. ഇതിൽ 71 കിലോമീറ്റര്‍ സ്ഥാപിച്ചു. കെ.എസ്.ആർ.ടി.സിക്ക് കേരളത്തില്‍ മൂന്നു വാതക പമ്പുകള്‍ നല്‍കും. കായംകുളം വൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കാനുള്ള പ്രകൃതി വാതകം നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ ദിവസേന 60 ലക്ഷം ക്യുബിക് മീറ്റര്‍ (സി.എം.ഡി) പ്രകൃതി വാതകം വിതരണം ചെയ്യാനാകും. കേരളം അടക്കം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 874 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് 4,260 കോടിയാണ് കേന്ദ്രം ചെലവാക്കുന്നത്. അപകടമോ തീപിടിത്തമോ ഉണ്ടാകാതിരിക്കാന്‍ ആധുനിക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പിന്തുണയാണ് വിജയത്തിന് കാരണം. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതി​െൻറ ഗുണങ്ങള്‍ ലഭിക്കുമെന്ന് അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതും ഗുണംചെയ്‌തെന്ന് ഗെയില്‍ മേധാവികള്‍ അവകാശപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ഗെയില്‍ കേരള പ്രോജക്ട്സ് ജനറല്‍ മാനേജര്‍ ടോണി മാത്യു, സതേണ്‍ റീജ്യൻ ജനറല്‍ മാനേജര്‍ പി. മുരുകേശൻ, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജ്യോതികുമാർ, കെ.പി. രമേശ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.