ഗുരുവായൂര്‍: കോഫി ബോർഡിനു കീഴിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന ഏക കോഫി ഹൗസ് പൂട്ടി. ദേവസ്വം മരണശയ്യയിലാക്കിയ കോഫി ഹൗസിന് ജി.എസ്.ടി അവസാന ആണിയും അടിക്കുകയായിരുന്നു. തട്ടുകടയുടെ സൗകര്യമോ വൃത്തിയോപോലും ഇല്ലാത്തയിടത്ത് കേട്ടാൽ ഞെട്ടുന്ന വിലയായപ്പോൾ ആളുകയറാതായതാണ് കോഫി ഹൗസിന് താഴുവീഴാൻ കാരണം. കാപ്പിയെ ജനപ്രിയമാക്കുകയെന്ന കോഫി ബോർഡിെൻറ നയത്തിെൻറ ഭാഗമായി 1979ലാണ് സത്രം ബിൽഡിങ്ങിൽ കോഫി ഹൗസ് ആരംഭിച്ചത്. ക്യൂ കോംപ്ലക്സ് നിർമാണത്തിനായി മൂന്നു വർഷം മുമ്പ് ഈ കെട്ടിടം ദേവസ്വം ഒഴിപ്പിച്ചതോടെ കോഫി ഹൗസിെൻറ സുവർണകാലം അസ്തമിക്കുകയായിരുന്നു. ഇതുവരെയായിട്ടും ക്യൂ കോംപ്ലക്സ് നിർമാണം തുടങ്ങിയില്ലെങ്കിലും ഭരണസമിതിയുടെ തീരുമാനം കോഫി ഹൗസിെൻറ ചരമക്കുറിപ്പെഴുതി. താൽക്കാലികമായി തെക്കേനടയിൽ രണ്ട് ഇടുങ്ങിയ മുറികൾ കോഫി ഹൗസിന് ദേവസ്വം നൽകിയെങ്കിലും അത് പഴയ പ്രഭാവത്തിെൻറ നിഴൽപോലും ആയില്ല. തകരഷീറ്റും ടാർപോളിനും കെട്ടിമറച്ച കോഫി ഹൗസിലേക്ക് അധികമാരും കയറിയില്ല. ഇതിനിടെയാണ് ജി.എസ്.ടിയുടെ ഭാഗമായി ദേശീയതലത്തിൽ കോഫി ബോർഡ് വിലവർധന നടപ്പാക്കിയത്. ഇതോടെ കാപ്പിക്ക് 20ഉം ഇഡ്ഡലിക്ക് 15ഉം ഉപ്പുമാവിന് 30ഉം വടക്ക് 25ഉം പൂരിക്ക് 35ഉം രൂപയായി. ആഡംബര ഹോട്ടലിലെ വിലയും തട്ടുകടയെക്കാൾ പരിതാപകരമായ സൗകര്യങ്ങളുമാണ് വിനയായത്. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ 50,000 മുതൽ ലക്ഷം വരെ പ്രതിദിനം കച്ചവടം നടന്നിരുന്ന സ്ഥാനത്ത് കൈനീട്ടം കിട്ടാത്ത അവസ്ഥയായി. ഭൗതിക സാഹചര്യങ്ങൾ കുറവായതിനാൽ വിലവർധന നടപ്പാക്കരുതെന്ന ജീവനക്കാരുടെ ആവശ്യം മേലധികാരികൾ പരിഗണിച്ചില്ല. സൗകര്യപ്രദമായ മറ്റൊരു സ്ഥലം നൽകണമെന്ന അഭ്യർഥന ദേവസ്വവും ചെവിക്കൊണ്ടില്ല. ഒടുവിൽ കോഫി ഹൗസ് അടച്ചുപൂട്ടാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. കാപ്പിയെ ജനപ്രിയമാക്കാൻ ആരംഭിച്ച കോഫി ഹൗസിന് ലോക കാപ്പിദിനമായ ഒക്ടോബർ ഒന്നിനാണ് താഴുവീണത്. ഡല്‍ഹിയില്‍ പാര്‍ലമെൻറിെൻറ സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക്, ഉദ്യോഗ് ഭവൻ, കൊൽക്കത്തയില്‍ പ്രിന്‍സ് സ്ട്രീറ്റ്, മധ്യപ്രദേശിലെ ഭോപാൽ, മുംബൈയില്‍ ലാമിങ്ടന്‍ റോഡ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ഇനി കോഫി ബോർഡിെൻറ കോഫി ഹൗസുകൾ ശേഷിക്കുന്നത്. ദേവസ്വത്തിെൻറ നിലപാടുമൂലം പൂട്ടിയ രണ്ടാമത്തെ പൊതുമേഖല സ്ഥാപനമാണ് കോഫി ഹൗസ്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കെ.ടി.ഡി.സിയുടെ ഹോട്ടൽ മൂന്നു വർഷം മുമ്പ് ദേവസ്വം ഒഴിപ്പിച്ചിരുന്നു. സഹകരണ സംഘത്തിന് കീഴിലുള്ള കോഫി ഹൗസ് കിഴക്കേനടയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.