തൃശൂർ: ആക്രമണ സമരക്കാരെന്ന് പഴികേൾക്കുന്ന ഡി.വൈ.എഫ്.ഐ ജീവകാരുണ്യ വഴിയിലേക്കും. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതിയുമായാണ് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം’ എന്ന പദ്ധതി ചൊവ്വാഴ്ച ഗവ.മെഡിക്കൽ കോളജിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വരൾച്ചയെ മറികടക്കാൻ മഴക്കുഴിയും പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷൈത്തകളും നട്ടുപിടിപ്പിക്കാൻ സി.പി.എം തീരുമാനിച്ചതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽ നിന്ന് വാഴയിലയിൽ പൊതിച്ചോറ് ശേഖരിച്ച് മെഡിക്കൽ കോളജിൽ എത്തിക്കുകയാണ് പദ്ധതി. ജില്ല കമ്മിറ്റിയംഗം കൂടിയായ എം.ജെ. ബിനോയ് കൺവീനറായ സമിതി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. വിവിധ സന്നദ്ധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും എല്ലാവർക്കും ലഭ്യമാവുന്നില്ല. എല്ലാവർക്കും ഭക്ഷണം ലഭ്യമാവുെന്നന്ന് ഉറപ്പുവരുത്തുകയാണ് ഡി.വൈ.എഫ്.ഐയുടെ ലക്ഷ്യം. പ്രതിദിനം നൂറുകണക്കിന് പേർ വന്നുപോകുന്ന മെഡിക്കൽ കോളജിൽ നൂറിലേറെ കിടപ്പ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമുണ്ട്. നിർധനരായ ആളുകളാണ് ഏറെയും മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്. മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം വാങ്ങാൻ കഴിയുന്നില്ലെന്ന കണ്ടെത്തലാണ് ഡി.വൈ.എഫ്.ഐയെ ഇതിന് പ്രേരിപ്പിച്ചത്. ഇതുസംബന്ധിച്ച് പഠനം നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.