തൃശൂര്‍: വെള്ളിയാഴ്ച നടക്കുന്ന കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പിന് പ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനൊപ്പം സി.സി ടി.വി കാമറ അടക്കമുള്ള സന്നാഹങ്ങളുമായി പൊലീസും സജ്ജമായി. കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ് എ, ഐ ഗ്രൂപ്പുകൾക്ക് നിലനിൽപ്പിെൻറ പോരാട്ടമായതിനാൽ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുതിർന്ന നേതാക്കൾ തന്നെയാണ് കരുനീക്കവുമായി രംഗത്തുള്ളത്. രാത്രി വൈകിയും ഗ്രൂപ്പുനേതാക്കൾ വോട്ടുപിടിത്തത്തിലാണ്. ഇതിനിടെ, മത്സരാർഥികൾ ഗ്രൂപ്പുമാറിയതുമൂലം പോളിങ്ങിനിടെ കുഴപ്പം ഉണ്ടാകാമെന്ന് റിപ്പോർട്ടുണ്ട്. അതുകൊണ്ട് പത്തനംതിട്ടയിലും എറണാകുളത്തും സംഭവിച്ച രീതിയിൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ് കരുതുന്നു. സ്പെഷൽ ബ്രാഞ്ചും കരുതൽ വേണമെന്ന റിപ്പോർട്ട് നൽകിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പോളിങ്. ജില്ലയിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് അഞ്ച് പേരും ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 22 പേരുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഐ ഗ്രൂപ്പിെൻറ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന മിഥുൻ മോഹൻ എ ഗ്രൂപ്പിലേക്ക് മാറിയതാണ് തെരഞ്ഞെടുപ്പിൽ നാടകീയത സൃഷ്ടിച്ചത്. ഡേവിഡ് കുര്യനെയായിരുന്നു എ ഗ്രൂപ് പ്രസിഡൻറ് സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്. ഇതോടെ, വിജയം പ്രതീക്ഷിച്ച് ഡേവിഡിനെ ഉപേക്ഷിച്ച് എ ഗ്രൂപ് മിഥുനെ പിന്തുണക്കാൻ തീരുമാനിച്ചു. ഇതോടെ, ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിെൻറ സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ നിഖിൽ ജോണിനെ ഐ ഗ്രൂപ്പിെൻറ സ്ഥാനാർഥിയാക്കി. കെ. മുരളീധരൻ പക്ഷത്തുനിന്ന് സെബിൻ അലക്സും എസ്.സി സംവരണത്തിൽ എ ഗ്രൂപ്പിലെതന്നെ എ.കെ. ശ്രീജിലും ജില്ല പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഇരു ഗ്രൂപ്പുകളുടെയും നേതാക്കളും കെ.എസ്.യു നേതാക്കളും തൃശൂരിൽ തന്നെ വ്യത്യസ്തയിടങ്ങളിൽ യോഗം ചേർന്നു. എതിർ ചേരിയിലെ വിള്ളൽ അനുകൂലമാക്കാനാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്. ജില്ലയിൽ 1401 വോട്ടർമാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.